ad
Deshabhimani

print edition സമുദ്രവിഭവങ്ങൾ 
സാമ്പത്തിക വികസനത്തിന് : ഡോ. തമ്പാൻ മേലോത്ത്‌

Kerala Science Congress

ഡോ. തമ്പാൻ മേലോത്ത്‌ / പ്രൊഫ. എ ബിജുകുമാർ

വെബ് ഡെസ്ക്

Published on Feb 03, 2026, 01:22 AM | 1 min read


കൊച്ചി

സമുദ്രവിഭവങ്ങളെ സുസ്ഥിരമായി പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുകയാണ്‌ ‘നീല സമ്പദ്‌വ്യവസ്ഥ' (ബ്ലൂ ഇക്കോണമി) ലക്ഷ്യമിടുന്നതെന്ന്‌ ഗോവ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച്‌ ഡയറക്ടർ ഡോ. തമ്പാൻ മേലോത്ത്‌. കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി ‘ഓഷ്യൻ സയൻസ്‌ ഫോർ ബ്ലൂ ഇക്കോണമി ആൻഡ്‌ ഇക്കോസിസ്റ്റം റീസ്റ്റോറേഷൻ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭൂമിയുടെ 72 ശതമാനത്തോളമുള്ള സമുദ്രത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടുള്ളത്‌. ഇന്ത്യയുടെ ‘വിഷൻ 2030' പ്രകാരം വികസനത്തിന്റെ പത്ത് പ്രധാനതൂണുകളിൽ ഒന്നാണ് ബ്ലൂ ഇക്കോണമി. 2047-ഓടെ സമുദ്രമേഖലയുടെ സാമ്പത്തിക വിഹിതം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇതിനായി ‘ഡീപ് ഓഷ്യൻ മിഷൻ' വഴി സമുദ്രത്തിനടിയിലെ അപൂർവ ധാതുക്കളായ പോളിമെറ്റാലിക് നോഡ്യൂൾസ്, കൊബാൾട്ട് എന്നിവ ഖനനം ചെയ്യാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കും. സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം കാത്തുസൂക്ഷിച്ച്‌ മീൻപിടിത്തം, ടൂറിസം തുടങ്ങിയ മേഖലകളെ പരിപോഷിപ്പിക്കാനും ലക്ഷ്യമിടുന്നു. പരമ്പരാഗത മീൻപിടിത്തത്തെ ടൂറിസവുമായി ബന്ധിപ്പിക്കുന്ന ‘പെസ്‌കാ ടൂറിസം', മേഖലയിലെ പുതിയ ചുവടുവയ്‌പ്പാണ്.


സഞ്ചാരികൾക്ക് മത്സ്യത്തൊഴിലാളികളോടൊപ്പം കടലിൽ പോകാനും മീൻപിടിത്തരീതികൾ മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും. ബീച്ചുകളുടെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന അന്താരാഷ്ട്ര അംഗീകാരമായ ‘ബ്ലൂ ഫ്ലാഗ്' സർട്ടിഫിക്കേഷനും നീല സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാണ്. സമുദ്രങ്ങളെയും ജലാശയങ്ങളെയും ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്ന ഇത്തരം പദ്ധതികൾ കേരളത്തിന്റെ ഉൾപ്പെടെ സാമ്പത്തികവളർച്ചയ്ക്ക് പുത്തനുണർവ് നൽകുമെന്ന്‌ കുഫോസ്‌ വിസി പ്രൊഫ. എ ബിജുകുമാർ വിലയിരുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home