ഷഹബാസിന് കണ്ണീരോടെ വിട: മരണം തലയോട്ടി തകർന്ന്


സ്വന്തം ലേഖകൻ
Published on Mar 02, 2025, 12:21 AM | 1 min read
താമരശേരി: താമരശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ്(15) കൊല്ലപ്പെട്ടത് തലയോട്ടി തകർന്നെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. അടിയേറ്റ് വലതുചെവിയുടെ മുകൾഭാഗത്ത് തലയോട്ടി പൊട്ടിയ നിലയിലായിരുന്നു. ആയുധം ഉപയോഗിച്ചുള്ള മർദനമാകാം മരണകാരണമെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്. ട്യൂഷൻ സെന്ററിൽ നടന്ന യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ വാക്കുതർക്കമാണ് എളേറ്റിൽ വട്ടോളി എംജെ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ ജീവനെടുത്തത്. പാട്ടുനിലച്ചപ്പോൾ താമരശേരി ഗവ. വിഎച്ച്‌എസ്‌എസിലെ വിദ്യാർഥികൾ കൂവിയത് എംജെ സ്‌കൂളിലെ വിദ്യാർഥികൾ ചോദ്യംചെയ്‌തു.
തുടർന്ന് എംജെ സ്‌കൂളിലെ വിദ്യാർഥികൾ വാട്‌സാപ്, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ വഴി സംഘടിച്ചെത്തി. മറുവിഭാഗവും ഇതിനൊപ്പം സംഘടിച്ചു. വ്യാഴം വൈകിട്ട് ഇരുവിഭാഗവും തമ്മിൽ താമരശേരി ടൗണിൽവച്ചുണ്ടായ സംഘർഷത്തിലാണ് ഷഹബാസിന്റെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റത്. താമരശേരി ഗവ. താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച ഷഹബാസ് ശനി പുലർച്ചെ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വൈകിട്ട് മൂന്നരയോടെ കോരങ്ങാട്ടെ വീട്ടിലെത്തിച്ചപ്പോൾ സഹപാഠികളും വിദ്യാർഥികളുമടക്കം നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിക്കാനെത്തി.
അഞ്ചോടെ കെടവൂർ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ സംസ്‌കരിച്ചു. പാലോറക്കുന്ന് ഇഖ്‌ബാലിന്റെയും റംസീനയുടെയും മകനാണ് ഷഹബാസ്. സഹോദരങ്ങൾ: മുഹമ്മദ് യെമിൻ, മുഹമ്മദ് അയാൻ, ഷമ്മാസ്.
കൊലക്കുറ്റം ചുമത്തി
താമരശേരി: മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ അഞ്ച് വിദ്യാർഥികൾക്കെതിരെ താമരശേരി പൊലീസ് കൊലക്കുറ്റം ചുമത്തി. ഇവരെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റാൻ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡ് നിർദേശിച്ചു. എസ്‌എസ്‌എൽസി പരീക്ഷയെഴുതാൻ അനുവദിച്ചിട്ടുണ്ട്.
വകുപ്പുതല അന്വേഷണം
തിരുവനന്തപുരം: മുഹമ്മദ് ഷഹബാസ് മരണപ്പെട്ട സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിനെ ഇതിനായി ചുമതലപ്പെടുത്തി. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. (പേജ് 14 കാണുക)
0 comments