അവർ നാളെ പരീക്ഷയെഴുതും, ഷഹബാസ് കൂടെയില്ലാതെ

മുഹമ്മദ് ഷഹബാസിന്റെ മൃതദേഹം പൊതുദർശനത്തിനെത്തിച്ചപ്പോൾ വിതുമ്പുന്ന സുഹൃത്തുക്കൾ

സ്വന്തം ലേഖകൻ
Published on Mar 02, 2025, 01:49 AM | 2 min read
കോഴിക്കോട് : എട്ടാം ക്ലാസിലേക്കാണ് എംജെ സ്കൂളിലേക്ക് ഷഹബാസ് പടികയറി വന്നത്. പഠനത്തിൽ നിലവാരം പുലർത്തുന്ന, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഷഹബാസ് എല്ലാവരുടെയും കൂട്ടുകാരനായിരുന്നു. അവന്റെ കൂട്ടുകാർ തിങ്കളാഴ്‌ച എസ്‌എസ്‌എൽസി പരീക്ഷയെഴുതിത്തുടങ്ങും, അരികിൽ അവനില്ലാതെ. അധ്യാപകർക്കും വിദ്യാർഥികൾക്കുമെല്ലാം പ്രിയപ്പെട്ടവനായിരുന്നു ഷഹബാസ്. കഴിഞ്ഞ കൊല്ലം ഒമ്പതിൽ ക്ലാസ് ലീഡറായിരുന്നു. അധ്യാപകരോടും കൂട്ടുകാരോടുമെല്ലാം സ്നേഹത്തോടെ പെരുമാറുന്ന പ്രകൃതക്കാരനായിരുന്നു ഷഹബാസെന്ന് ക്ലാസ് ടീച്ചറായ ഷഫീഖ് പറയുന്നു. പറയുന്ന കാര്യങ്ങളെല്ലാം അനുസരണയോടെ പാലിക്കുന്ന കുട്ടിയായിരുന്നു ഷഹബാസെന്ന് കെമിസ്ട്രി അധ്യാപിക നിറകണ്ണുകളോടെ ഓർത്തെടുത്തു.
കഴിഞ്ഞ ദിവസംവരെ തങ്ങൾക്കൊപ്പം ഓടിച്ചാടി നടന്ന ഷഹബാസ് ഇനി കൂടെയില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിയാതെയാണ് കൂട്ടുകാർ അവന്റെ വീട്ടിലും അവസാനയാത്രയ്ക്കെത്തിയ കെടവൂർ മദ്രസയിലും എത്തിയത്. കരഞ്ഞുകലങ്ങിയ കണ്ണുമായിനിന്ന അവരെ ആശ്വസിപ്പിക്കാൻ അധ്യാപികമാർ പാടുപെട്ടു. ‘അടുത്ത ദിവസം പരീക്ഷയെഴുതേണ്ട മക്കളാണ്. എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു ദുരന്തം. ഇനി അവരുടെ പരീക്ഷയെന്താകു’മെന്ന ആധിയാണ് അധ്യാപികമാർക്ക്. കുട്ടികളെ ചേർത്തുനിർത്തി സെലീന ടീച്ചർ പറഞ്ഞുകൊടുത്തു ‘‘നിങ്ങൾ നന്നായി പരീക്ഷയെഴുതണം, നല്ല മാർക്ക് വാങ്ങണം, അങ്ങനെയാകണം, ഷഹബാസിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ’’.
പരീക്ഷയെഴുതാനെത്തുന്ന കുട്ടികൾക്ക് സ്കൂളിലേക്കും തിരിച്ചും വാഹന സൗകര്യം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് ക്ലാസ് ചുമതലയുള്ള അധ്യാപകൻ ഷെഫീഖ് പറഞ്ഞു. ബാലാവകാശ കമീഷൻ റിപ്പോർട്ട് തേടി വിദ്യാർഥി സംഘർഷത്തിൽ പത്താംക്ലാസുകാരൻ കൊല്ലപ്പെട്ടത് സംബന്ധിച്ച് പൊലീസിൽനിന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോർട്ട് തേടിയതായി ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ. കെ വി മനോജ്‌കുമാർ. വിദ്യാർഥികൾ ഉൾപ്പെടുന്ന സംഘർഷങ്ങളെക്കുറിച്ചടക്കം പഠിക്കാൻ കമീഷൻ ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ എന്ത് നടപടിയെടുക്കാമെന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവമാധ്യമങ്ങളിലെ ഇടപെടലുകൾ പരിശോധിക്കാൻ അന്വേഷകസംഘം
വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പത്താംക്ലാസുകാരൻ മരിച്ച സംഭവത്തിൽ നവമാധ്യമങ്ങളിലെ ഇടപെടലുകൾ അന്വേഷിക്കാനൊരുങ്ങി പൊലീസ്. വിദ്യാർഥികൾ നവമാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കി ആളെ കൂട്ടിയാണ് സംഘർഷത്തിന് ഒരുങ്ങുന്നത്. അങ്കമാലി, പാർട്‌ണേഴ്‌സ്, 57 സംഘം എന്നിങ്ങനെ നീളുകയാണ് ഗ്രൂപ്പുകളും ഗ്യാങ്ങുകളും. യുപി ക്ലാസ് മുതൽ തുടങ്ങുന്ന ചങ്ങാത്തങ്ങൾ കൗമാരത്തിലേക്ക് കടക്കുമ്പോഴും ഇവർ കൂടെ കൂട്ടുന്നു. ഹൈസ്‌കൂൾ പഠനത്തിന് സ്‌കൂളുകൾ പലതായി തെരഞ്ഞെടുക്കുമ്പോഴും ഇവർ ഒത്തുകൂടിയിരുന്നത് ഇത്തരത്തിലുള്ള ഗ്രൂപ്പുകളിലൂടെയും ട്യൂഷൻസെന്ററുകളിലുമായിരുന്നു. അക്രമത്തിന് പദ്ധതിയിട്ടും ഇൻസ്‌റ്റഗ്രാം വഴി പരസ്‌പരം വെല്ലുവിളിച്ചും ഇവർ ഒരുങ്ങിനിന്നു. വ്യാഴാഴ്‌ച നടന്ന സംഭവത്തിലെ പ്രതികളായ താമരശേരി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളുടെ ചാറ്റാണ് പുറത്തായത്. പ്രതികൾ ഷഹബാസിനെ ഇൻസ്‌റ്റഗ്രാമിലൂടെ വെല്ലുവിളിച്ചിരുന്നോയെന്നും സംഘട്ടനത്തിൽ ഉൾപ്പെട്ടവരുടെയും മരിച്ച മുഹമ്മദ് ഷഹബാസിന്റെയും നവമാധ്യമത്തിലെ ഗ്രൂപ്പുകളെക്കുറിച്ചും അന്വേഷകസംഘം അന്വേഷിക്കും.
0 comments