print edition ചികിത്സയിലിരിക്കെ സ്ഥലംമാറ്റി; ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

തലശേരി/കണ്ണൂർ: ചികിത്സയിലിരിക്കെ മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റപ്പെട്ട ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ വടകര മേപ്പയിൽ ‘ശ്രീസ്ഥ’യിൽ ആർ ദീപലേഖ (52)യാണ് സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ മരിച്ചത്.
ആഴ്‌ചകൾ മുന്പ് ദീപലേഖയെ മട്ടന്നൂരിലേക്ക് മാറ്റിയിരുന്നു. തുടർന്ന് യാത്രയ്‌ക്കുള്ള ബുദ്ധിമുട്ട് ഡിഎംഒയെ ബോധ്യപ്പെടുത്തിയിരുന്നു.
എന്നാൽ, തിങ്കളാഴ്‌ച രാവിലെ പിണറായി സിഎച്ച്‌സിയിലേക്ക് സ്ഥലംമാറ്റി. ഇതോടെ കടുത്ത മാനസിക സമ്മർദത്തിലായി. ചൊക്ലി പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി യോഗത്തിനെത്തിയ ഇവർ സമിതി അധ്യക്ഷനോട് സ്ഥലംമാറ്റത്തിന്റെ പ്രയാസം സംസാരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വാഹനാപകടത്തിൽ കാലിന്റെ എല്ലുതകർന്ന് മൂന്നുമാസം ചികിത്സയിലായിരുന്ന ഇവർ മൂന്നാഴ്‌ച മുന്പാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. ഫെബ്രുവരിയിലാണ് ചൊക്ലിയിൽ സ്ഥലംമാറിയെത്തിയത്. അഞ്ചുമാസം തികയുംമുന്പാണ് മാനദണ്ഡം ലംഘിച്ച് വീണ്ടും സ്ഥലംമാറ്റം.
നാടകസംവിധായകൻകൂടിയായ റിട്ട. ഹെൽത്ത് സൂപ്രണ്ട് സുരേഷ്‌ബാബു ശ്രീസ്ഥയാണ് ഭർത്താവ്.
മകൾ: അമലു ലക്ഷ്‌മി (എൻജിനിയർ, സ്‌നൈഡർ ബംഗളൂരു). ദീപലേഖയുടെ മൃതദേഹം ചൊവ്വ രാവിലെ ചൊക്ലി കുടുംബാരോഗ്യകേന്ദ്രത്തിലും മേപ്പയിലെ വീട്ടിലും പൊതുദർശനത്തിനുശേഷം പകൽ 1.30ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
നിർബന്ധ സെക്ഷൻ മാറ്റം സൃഷ്ടിച്ച മാനസിക സംഘർഷത്തെ തുടർന്ന് കഴിഞ്ഞദിവസം കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ആശാലത ജീവനൊടുക്കിയിരുന്നു. യുഡിഎഫ് ഭരണത്തിൽ അന്യായ സ്ഥലം മാറ്റം വ്യാപകമാണെന്ന ആക്ഷേപം വ്യാപകമാണ്.










0 comments