ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതിയായി; ചിലവ്‌ 306 കോടി

chellanam tetropad.png
വെബ് ഡെസ്ക്

Published on Jul 02, 2025, 06:25 PM | 2 min read

തിരുവനന്തപുരം: ചെല്ലാനം തീരത്ത് 306 കോടി രൂപ ചിലവിൽ ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതിയായി. തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിലാണ് പദ്ധതിക്ക്‌ അനുമതി ലഭിച്ചത്‌. തീരത്ത് കടൽഭിത്തി നിർമ്മിക്കാത്ത ഭാഗത്തെ തീരസംരക്ഷണം കൂടി ഉറപ്പുവരുത്തുന്നതിനാണ്‌ പ്രത്യേക പരിഗണനയോടെ രണ്ടാം ഘട്ടത്തിന് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.


രണ്ടാം ഘട്ടത്തിൽ 3.6 കിലോ മീറ്റർ നീളത്തിലായിരിക്കും ടെട്രാപോഡ് ഭിത്തി നിർമ്മിക്കുക. 347 കോടി രൂപ ചിലവിൽ 7.3 കിലോ മീറ്റർ നീളത്തിൽ ആദ്യഘട്ട നിർമ്മാണം 2023ലാണ്‌ പൂർത്തിയായത്‌. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാൻ തീരുമാനിച്ചത്. 10 കിലോ മീറ്റർ ദൂരം ടെട്രാപോഡും രണ്ട് ഭാഗങ്ങളിൽ പുലിമുട്ടും നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതി മുന്നോട്ട് പോകവേ നിർമ്മാണച്ചെലവിൽ വന്ന വ്യത്യാസവും ഐഐടി റിപ്പോർട്ടും അടിസ്ഥാനമാക്കി 7.3 കിലോ മീറ്റർ ദൂരം കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കുകയാണ് ചെയ്തത്. നിലവിലിള്ള നിർമ്മാണച്ചെലവ് കണക്കാക്കുമ്പോൾ ശരാശരി നൂറ് കോടി രൂപയാണ് ഒരു കിലോ മീറ്റർ ദൂരം തീര സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്.



‘തീര സംരക്ഷണത്തിനായി യൂണിയൻ ഗവണ്മെൻ്റ് നയാ പൈസ ചെലവഴിക്കാൻ തയ്യാറാകാത്ത വേളയിൽ സംസ്ഥാന സർക്കാരിൻ്റെ ഇക്കാര്യത്തിലുള്ള പ്രതിബദ്ധത ജനങ്ങൾക്ക് ബോധ്യപ്പെടും. ദീർഘകാലമായി കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനത്തിൻ്റെ ദുരിതത്തിന് പരിഹാരം കണ്ടത് എൽഡിഎഫ് സർക്കാരാണ്. രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി നൽകാൻ ഇടപെട്ട ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നന്ദി രേഖപ്പെടുത്തുന്നു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി കൊച്ചി എം എൽ എ ആയ കെ ജെ മാക്സി നിരന്തരമായ ഇടപെടൽ നടത്തിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, കെ ജെ മാക്സി എംഎൽഎ എന്നിവർക്കൊപ്പം ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കിഫ്ബി അഡീഷണൽ സിഇഒ മിനി ആൻ്റണി എന്നിവരും ഇന്നത്തെ സുപ്രധാന യോഗത്തിൽ പങ്കെടുത്തിരുന്നു.’– ടെട്രോപാഡ്‌ ഭിത്തിക്ക്‌ അനുമതിയായി എന്ന്‌ അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home