ഇൻഡോറിൽ മലിന കുടിവെള്ളം കുടിച്ച് പത്ത് പേർ മരിച്ചു; തിരിഞ്ഞുകൊത്തി കോർപറേഷനെ ഇൻഡോറാക്കുമെന്ന രാജേഷിന്റെ വാഗ്ദാനം

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ബിജെപി ഭരിക്കുന്ന മുൻസിപ്പൽ കോർപറേഷൻ വിതരണം ചെയ്‍ത മലിനമായ കുടിവെള്ളം കുടിച്ച് പത്ത് പേർ മരിച്ച ദുരന്തത്തിനിടയിൽ ചർച്ചയായി തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ വാഗ്ദാനം. കോർപറേഷന്റെ മാലിന്യ പ്രശ്നം പരിഹരിക്കാൻ ഇൻഡോർ, ഗുജറാത്ത് മോഡൽ വികസനം നടപ്പാകുമെന്ന വി വി രാജേഷിന്റെ വാഗ്ദാനമാണ് തിരിഞ്ഞുകൊത്തിയത്.
അതേസമയം, ഇൻഡോറിലെ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച്ചയുണ്ടായെന്ന് സംസ്ഥാന നഗരവികസനമന്ത്രിയും ഇൻഡോർ മുൻ മേയറുമായ ബിജെപി നേതാവുമായ കൈലാഷ് വിജയ് വർഗീയ സമ്മതിച്ചു. ഇൻഡോർ ഒന്നിലെ ഭാഗീരത്‍പുരയിലാണ് സംഭവം. തുടർച്ചയായ എട്ടാം തവണയുംമോദി സർക്കാർ രാജ്യത്ത 'ശുചിത്വ നഗര'മായി തെരഞ്ഞെടുത്ത ഇൻഡോറിലാണ് സംഭവമെന്നതാണ് വിരോധാഭാസം.
വയറിളക്കവും ഛർദ്ദിയും ബാധിച്ച് ദിവസങ്ങളായി ചികിത്സയിലിരുന്നവരാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ 1,100 ഓളം പേർ ചികിത്സതേടി. 200 പേരോളം ആശുപത്രിയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. ബിജെപി സർക്കാർ യഥാർഥ മരണസംഖ്യ മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പ്രധാന കുടിവെള്ള പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായി കക്കൂസ് മാലിന്യം കുടിവെള്ളത്തിൽ കലർന്നതാണ് ദുരന്തം വരുത്തിവച്ചതെന്നാണ് പ്രാഥമിക നിഗമനം. നർമദ നദിയിൽനിന്ന് മുൻസിപ്പൽ കോർപറേഷൻ പൈപ്പ് ലൈനിലൂടെ ഒരാഴ്ചയായി കിട്ടുന്നത് മോശം വെള്ളമാണെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. പ്രതിഷേധമുയർന്നതോടെ മുൻസിപ്പൽ കോർപറേഷന്റെ സോണൽ ഓഫീസറെയും അസിസ്റ്റന്റ് എൻജിനിയറെയും സസ്പെൻഡ് ചെയ്തു. ഇൻ-ചാർജ് സബ് എൻജിനിയറെ പിരിച്ചുവിട്ടു.









0 comments