print edition കൊച്ചിയിൽ പിടിയിലായ ബംഗ്ലാദേശുകാർ എത്തിയത് കൊൽക്കത്തയിൽനിന്ന്; 10 പേരും റിമാൻഡിൽ

കൊച്ചി: കൊച്ചി നഗരത്തിൽ വ്യാഴാഴ്‌ച പിടിയിലായ 10 ബംഗ്ലാദേശുകാരും എത്തിയത് കൊൽക്കത്തയിൽനിന്നാണെന്ന് സ്ഥിരീകരിച്ചു. ബംഗ്ലാദേശിൽനിന്ന് അതിർത്തികടന്ന് ഇവർ ആദ്യം കൊൽക്കത്തയിലെത്തി. തുടർന്ന് ട്രെയിനിൽ കേരളത്തിലുമെത്തി. ബംഗ്ലാദേശ് കുഷ്‌തിയ ജില്ലക്കാരായ എം ഡി ലാലോൺ (37), എം ഡി റിയാദ് അലി (22), എം ഡി സുമൻ (24), എം ഡി -ഫെദോസ് (37), ജോണി അഹമ്മദ് (28), റജിബ് ഹസ്സൻ (26), രാജ്‌ഷാഹി ജില്ലക്കാരായ എം ഡി റാഹിൻ അലി (20), എം ഡി ബുൾ ബുൾ (26), കുഷ്‌തിയ ജില്ലക്കാരായ എം ഡി അബ്‌ദുർ സബാസം (50), എം ഡി മിതാൻ അലി (34) എന്നിവരാണ് ഒന്നുമുതൽ 10 വരെ പ്രതികൾ.
ഒരുവർഷമായി ഇവർ കൊച്ചിയിൽ ആക്രി പെറുക്കുന്ന ജോലി ചെയ്‌തുവരികയായിരുന്നു. ഇവരുടെ പേരിൽ ക്രിമിനൽക്കേസുകൾ ഇല്ലെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാരണക്കോടത്തെ വാടകവീട്ടിൽനിന്നാണ് പാലാരിവട്ടം പൊലീസ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. അനധികൃത കുടിയേറ്റത്തിനും പാസ്‌പോർട്ട് ഇല്ലാത്തതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്.
പിടിയിലായവർക്ക് ബംഗ്ലാദേശ് പൗരത്വമുള്ളതിന്റെ രേഖകൾ ലഭിച്ചിട്ടുണ്ട്. 10 പേരെയും റിമാൻഡ് ചെയ്‌തു. കോടതിനടപടികൾ പൂർത്തിയാക്കിയശേഷം ഇവരെ ബംഗ്ലാദേശിലേക്ക് മടക്കിയയക്കുമെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു.










0 comments