print edition താൽക്കാലിക ജീവനക്കാർക്ക് കണ്ണീരോണം

ഒ വി സുരേഷ്
Published on Aug 25, 2026, 01:30 AM | 1 min read
തിരുവനന്തപുരം: ആയിരക്കണക്കിന് താൽക്കാലിക ജീവനക്കാർക്ക് കണ്ണീരിന്റെ ഓണക്കാലം. വർഷങ്ങളായി ജോലിയിലുള്ള ഇവരുടെ സേവനം അവസാനിപ്പിക്കാനാണ് സർക്കാർ തീരുമാനം. കുടുംബശ്രീ, ദേശീയാരോഗ്യ ദൗത്യം (എൻഎച്ച്‌എം), ഡിജിറ്റൽ സർവേ വിഭാഗം എന്നിവിടങ്ങളിലാണ് ജോലി ചെയ്‌തിരുന്നത്.
കുടുംബശ്രീയിലെ 2624 പേരുടെയും എൻഎച്ച്‌എമ്മിലെ പതിനേഴായിരത്തോളം പേരുടെയും സേവനം ഇൗ 31ന് നിർബന്ധിതമായി അവസാനിപ്പിച്ചു. കുടുംബശ്രീയിലെ ജീവനക്കാരുടെ കരാർ മെയ് 31നുമുമ്പ് പുതുക്കേണ്ടതായിരുന്നു. ഇതിനുള്ള ഉത്തരവ് കുടുംബശ്രീ മിഷൻ ഡയറക്ടർ ജില്ലാമിഷനുകളിലേക്ക് നൽകി പുതുക്കൽ ആരംഭിച്ചപ്പോൾ മുസ്ലിംലീഗിന്റെ ഉന്നത നേതാവ് ഇടപെട്ട് തടഞ്ഞു. കുടുംബശ്രീയെ കേരളവും കടന്ന് ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിൽ രാപകലില്ലാതെ പത്തുവർഷത്തിലേറെ പ്രവർത്തിച്ചവരോടാണ് സർക്കാരിന്റെ അനീതി. വിഷയം സിഐടിയു ഏറ്റെടുത്തതോടെ കാലാവധി ആഗസ്‌ത് 31വരെയാക്കി.
കേരളത്തിന്റെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തിയതിൽ എൻഎച്ച്‌എമ്മിലെ പതിനേഴായിരത്തോളം ജീവനക്കാരുടെ പങ്ക് വലുതാണ്. ഡെപ്യൂട്ടേഷനിൽ വരുന്ന ഏതാനും പേരൊഴികെ ബാക്കിയെല്ലാം താൽകാലിക ജീവനക്കാരാണ്. ഇവരുടെ സേവനവും ഇൗ മാസം 31ന് അവസാനിപ്പിക്കും. ഇവരെയെല്ലാം അപേക്ഷ ക്ഷണിച്ച്, യോഗ്യതകൾ പരിശോധിച്ച് അഭിമുഖം കഴിഞ്ഞാണ് നിയമിച്ചത്. രാജ്യത്തിന് മാതൃകയായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ഡിജിറ്റൽ സർവേയ്‌ക്കായി നിയമിക്കപ്പെട്ട 3305 ജീവനക്കാരെ ജൂലൈ മാസത്തോടെ പിരിച്ചുവിട്ടു. ഇതിനുപുറമെ വിവിധ വകുപ്പുകളിൽ പത്തുവർഷത്തോളം പൂർത്തിയാക്കിയ നിരവധി പേരെയും പിരിച്ചുവിട്ടിട്ടുണ്ട്.










0 comments