ad
Deshabhimani

'ക്രിസ്തീയ ഭക്തിഗാനം പാടിയതിൽ ഒരു തെറ്റും കണ്ടില്ല, സൗഹാർദത്തെ തകർക്കരുത്'; സംഘപരിവാറിനെ തള്ളി ക്ഷേത്രകമ്മിറ്റി

Nandagovindam

നന്ദഗോവിന്ദം ഭജൻസ് (Photo Credit - Facebook/Nandagovindam Bhajans)

വെബ് ഡെസ്ക്

Published on Apr 22, 2026, 01:14 PM | 1 min read

കോട്ടയം: ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെ ആക്ഷേപിച്ച സംഘപരിവാറിനെ തള്ളി ക്ഷേത്രകമ്മിറ്റി. നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തി ഗാനം പാടിയതിൽ ഒരു തെറ്റും കാണുന്നില്ലെന്ന് കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.


'അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട് ഇവിടത്തെ ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോൾ അവർ വഴിയരിയിൽ തിരി തെളിയുന്നതും എല്ലാം വർഷവും നടക്കുന്നതാണ് അതാണ് ഈ നാട്ടിലെ സമ്പ്രദായവും. ഈ നാട്ടിലെ ഏകതയും അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോൾ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോൾ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല'- ക്ഷേത്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദപരമായാണ് ജീവിക്കുന്നതെന്നും ഇത്തരത്തിലുള്ള വിവാദം ഇളക്കിവിട്ട് നിലവിലുള്ള അവസ്ഥയെ തകർക്കരുതെന്നും ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടു.


സമീപത്തെ ക്രിസ്ത്യൻ പള്ളിക്ക് ക്ഷേത്രവുമായുള്ള സൗഹാർദബന്ധം എടുത്തുപറഞ്ഞശേഷമായിരുന്നു നന്ദഗോവിന്ദം ഭജൻസ് ഗാനം അവതരിപ്പിച്ചത്. വലിയ കൈയടിയോടെയാണ് ജനങ്ങൾ ഇതു സ്വീകരിച്ചത്. എന്നാൽ "ചിക്കൻ മസാല നല്ലതാണ്, പക്ഷേ അത് പായസത്തിലിടരുത്‌' എന്നായിരുന്നു ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികലയുടെ വിദ്വേഷപരിഹാസം. ഇതിന്‌ പിന്നാലെ ഭജൻസിനെതിരെ സംഘപരിവാർ സൈബർ ആക്രമണവുമായി രംഗത്തെത്തി. ഇതേത്തുടർന്ന്‌ ‘‘ഞങ്ങൾ ഒരു അതിർത്തിയും മറികടന്നിട്ടില്ല. എവിടെയും വേർതിരിവുകൾ കണ്ടില്ല. പേരുകൾക്കതീതമായി ഭക്തി ഒഴുകുന്ന നാടാണ്‌ നമ്മുടേത്‌’’–എന്ന്‌ നന്ദഗോവിന്ദം ഭജൻസിലെ നവീൻ മോഹൻ സമൂഹമാധ്യമത്തിൽ കുറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home