കേരളത്തിന്റെ ഐടി കുതിപ്പ്
ടെക്നോപാർക്കിന് വീണ്ടും രാജ്യാന്തര അംഗീകാരം; ക്രിസിൽ റേറ്റിംഗിൽ തിളക്കം

തിരുവനന്തപുരം ടെക്നോപാർക്ക്
തിരുവനന്തപുരം : കേരളത്തിലെ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഐടി മേഖലയുടെ കരുത്തുറ്റ മുഖമായ ടെക്നോപാർക്കിന് വീണ്ടും രാജ്യാന്തര അംഗീകാരം. പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ (CRISIL) 'എ പ്ലസ്/സ്റ്റേബിൾ' റേറ്റിംഗ് തുടർച്ചയായ അഞ്ചാം വർഷവും ടെക്നോപാർക്കിന് കരസ്ഥമാക്കി. സാമ്പത്തിക ഭദ്രതയോടെ സുസ്ഥിരമായ വളർച്ച തുടരുന്ന ടെക്നോപാർക്കിന്റെ മുന്നേറ്റത്തിനാണ് അംഗീകാരം.
ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള വികസന നയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളെയും സമാനമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെയും സംരക്ഷിച്ചുനിർത്താനുള്ള ക്രിയാത്മക ഇടപെടലുകളുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. 2021 മുതൽ തുടർച്ചയായി ഉയർന്ന റേറ്റിംഗ് നിലനിർത്തുന്നതിലൂടെ രാജ്യത്തെ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ ഐടി ഇടമായി കേരളത്തിന്റെ അഭിമാനമായ ടെക്നോപാർക്ക് മാറിയിരിക്കുകയാണ്.
കടബാധ്യതകളില്ലാത്ത സുതാര്യമായ സാമ്പത്തിക മാനേജ്‌മെന്റും, വരുമാന സാധ്യതകളുമാണ് റേറ്റിംഗ് ഏജൻസി പ്രധാനമായും വിലയിരുത്തിയത്. ടെക്നോപാർക്കിന്റെ വിവിധ ഫേസുകളിലെ ഉയർന്ന ഒക്യുപ്പൻസി നിരക്കും വൈവിധ്യമാർന്ന മുൻനിര കമ്പനികളുടെ സാന്നിധ്യവും വരും വർഷങ്ങളിൽ വരുമാനത്തിൽ 20 ശതമാനം വർധനവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെക്നോപാർക്ക് ഫേസ് ഒന്നിലും മൂന്നിലും യഥാക്രമം 97 ശതമാനം, 100 ശതമാനം എന്നിങ്ങനെയാണ് ഒക്യുപ്പൻസി നിരക്ക്. കൊല്ലം ഉൾപ്പെടെയുള്ള മറ്റ് മേഖലകളിലും വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ഞൂറിലധികം കമ്പനികളിലായി ഏകദേശം 80,000 ജീവനക്കാർ ജോലി ചെയ്യുന്ന ഈ ഐടി സമുച്ചയം കേരളത്തിന്റെ തൊഴിൽ മേഖലയിലും വലിയ വിപ്ലവമാണ് സൃഷ്ടിക്കുന്നത്.
ടെക്നോസിറ്റി പോലുള്ള ബൃഹത്തായ പദ്ധതികളിലൂടെ ഭാവിയിൽ വലിയ വളർച്ചാ സാധ്യതകളാണ് ലക്ഷ്യമിടുന്നത്. ക്വാളിറ്റി മാനേജ്‌മെന്റിൽ വിവിധ ഐഎസ്ഒ സർട്ടിഫിക്കറ്റുകൾ നേടിയ ആദ്യ ടെക്നോളജി പാർക്ക് എന്ന ഖ്യാതിയും തിരുവനന്തപുരം ടെക്നോപാർക്കിനുണ്ട്. പ്രൊഫഷണലായ മാനേജ്‌മെന്റ് സമീപനവും അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ നൽകുന്ന പ്രത്യേക പരിഗണനയുമാണ് ടെക്നോപാർക്കിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നത്. വരും കാലങ്ങളിൽ കൂടുതൽ ശേഷി വർധിപ്പിക്കാനും ഐടി ആവാസവ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.









0 comments