ജീവനക്കാര്‍ക്ക് ശമ്പളമില്ല; വക്കീല്‍ ഫീസായി ലക്ഷങ്ങള്‍ പൊടിച്ച് കെടിയു വിസി

സ്വന്തം ലേഖിക
Published on Sep 09, 2025, 12:00 AM | 1 min read
തിരുവനന്തപുരം : ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നൽകാതെ വക്കീലിന് ലക്ഷങ്ങള്‍ ചെലവാക്കി സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലർ ഡോ. കെ ശിവപ്രസാദിന്റെ ധൂര്‍ത്ത്. കോടതി വ്യവഹാരങ്ങള്‍ക്ക് സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ പിരിച്ചുവിട്ട് പകരം സ്വകാര്യ അഭിഭാഷകനെ നിയമിച്ചത് വഴിയാണ് വിസി സര്‍വകലാശാലയ്ക്ക് ഭാരിച്ച ബാധ്യത വരുത്തിവച്ചത്. അതേസമയം സര്‍വകലാശാലയില്‍ സിന്‍ഡിക്കറ്റ് യോഗവും ബജറ്റ് അവതരണവും നടക്കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ഇതേ വിസിയാണ് ചാന്‍സലറോടും കോടതിയോടും പരാതിപ്പെട്ടത്.
സര്‍വകലാശാല നിയമപ്രകാരം സ്റ്റാൻഡിങ് കൗൺസിൽ, ലീഗൽ കൺസൽട്ടന്റ് നിയമനങ്ങൾ നടത്തേണ്ടത് സിന്‍ഡിക്കറ്റാണ്. ഇതിന് വിപരീതമായി സിന്‍ഡിക്കറ്റ് നിയമിച്ച ലീഗൽ കണ്‍സള്‍ട്ടന്റിനെ പുറത്താക്കിയതില്‍ ഹൈക്കോടതിയും വിസിയെ വിമര്‍ശിച്ചിരുന്നു. കൂടാതെ വിസി പുറത്താക്കിയ ലീഗൽ കണ്‍സള്‍ട്ടന്റിനെ ശമ്പളം സഹിതം തിരിച്ചെടുക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് ഭീമമായ തുകയ്ക്ക് മറ്റൊരു അഭിഭാഷകയെ നിയമിക്കാന്‍ വിസി ഉത്തരവിട്ടത്. സർവകലാശാല പരാജയപ്പെട്ട കേസുകൾക്കാണ് ലക്ഷങ്ങൾ താൽക്കാലിക വിസി ചെലവഴിച്ചിരിക്കുന്നത്. മൂന്നു കേസുകള്‍ക്കുമാത്രം ഏകദേശം മൂന്ന് ലക്ഷം രൂപ വക്കീല്‍ ഫീസായി ചെലവഴിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വിസിയുടെ പക്കല്‍നിന്ന് ഈ തുക ഈടാക്കണമെന്ന ആവശ്യം ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്.








0 comments