ad
Deshabhimani

print edition ‘ടീം യുഡിഎഫ്‌’ സ്വകാര്യവൽക്കരിക്കപ്പെട്ടു; പുതിയ സഖ്യകക്ഷികൾ മദ്യക്കമ്പനികളും കുത്തകകളും

PINARAYI VIJAYAN PRESS MEET
വെബ് ഡെസ്ക്

Published on Jun 29, 2026, 12:20 AM | 1 min read

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനുമുമ്പ്‌ പറഞ്ഞ ‘ടീം യുഡിഎഫ്’ എന്ന സങ്കൽപ്പംപോലും സ്വകാര്യവൽക്കരിക്കപ്പെട്ടുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. മദ്യക്കമ്പനികളും തീരദേശം കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന കുത്തകകളുമാണ് ടീം യുഡിഎഫിലെ പുതിയ സഖ്യകക്ഷികൾ. മദ്യത്തിന് നികുതി ഇളവ് നൽകുന്ന തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.


നികുതി ഇളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദേശം യുഡിഎഫിൽ ചർച്ചചെയ്ത ശേഷമേ നടപ്പാക്കൂവെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്. പക്ഷെ, സഭയിൽ അവതരിപ്പിക്കുന്ന ധനബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 10 ശതമാനംവരെ 120 ശതമാനവും 10 –20 വരെ 175 ശതമാനവും ആയി ഇളവ് ചെയ്യാൻ ഭേദഗതി നിർദേശം മുന്നോട്ടുവച്ചിരിക്കുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാൻ എൽഡിഎഫ്‌ സർക്കാർ ശ്രമിച്ചിരുന്നു എന്ന ദുരാരോപണം സ്വയം പൊളിയുന്ന കാഴ്ചയാണ് ധനബില്ലിലെ ഇളവ് നിർദേശം.


ബജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ധനബിൽ സഭ അംഗീകരിച്ചാൽ അത് നിയമമായി മാറും. അത് നടപ്പാക്കുന്നത്‌ തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ബിൽ പാസായാൽ നിയമത്തിന്റെ ഭാഗമായി മാറുന്ന നികുതി നിർദേശം എക്സിക്യുട്ടീവ് ഉത്തരവുമൂലം മരവിപ്പിക്കാനും കഴിയില്ല. നികുതിയിളവിനുള്ള നിർദേശം ധനബില്ലിൽ ചേർത്തശേഷം യുഡിഎഫ് ചർച്ചയ്‌ക്ക് എന്ത് പ്രസക്തിയാണുള്ളത്. ഈ പുകമറ മദ്യക്കമ്പനിയുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണ്. ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വന്തം താൽപ്പര്യം മറ്റ് വകുപ്പുകൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണ്‌. കോൺഗ്രസ് നേതൃത്വമാണ് ഇത് ഗൗരവമായി പരിശോധിക്കേണ്ടതെന്നും പിണറായി വിജയൻ പ്രസ്‌താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home