കെഎസ്‌ആർടിസി ഡിപ്പോയിൽ സ്ഥലമില്ല
ബസുകൾ റോഡരികിൽ

കെഎസ്ആർടിസി പാലക്കാട് ഡിപ്പോയിൽ സ്ഥലപരിമിതിമൂലം റോഡരികിൽ നിർത്തിയിട്ട ബസുകൾ

സ്വന്തം ലേഖകൻ
Published on Jun 29, 2026, 01:34 AM | 1 min read
പാലക്കാട്
കെഎസ്‌ആർടിസി ഡിപ്പോകളിലെ സ്ഥലപരിമിതിമൂലം ബസുകൾ റോഡരികിൽ നിർത്തിയിടുന്നത് ഒരുസുരക്ഷയുമില്ലാതെ. യാത്രക്കാർക്കും ബസുകൾക്കും അപകട ഭീഷണിയായാണ് കെഎസ്‌ആർടിസി ബസുകൾ റോഡരികിൽ പാർക്ക് ചെയ്‌തിരിക്കുന്നത്. ജൂൺ ഏഴിന് ഡിപ്പോയ്‌ക്ക് സമീപം നിർത്തിയിട്ട ബസ് മോഷണം പോയിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറല്ല. ജില്ലാ ആസ്ഥാന ഡിപ്പോ, വടക്കഞ്ചേരി, ചിറ്റൂർ ഡിപ്പോ എന്നിവിടങ്ങളിലും ബസുകൾ സുരക്ഷിതമായി നിർത്താൻ ആവശ്യത്തിന് സ്ഥലമില്ല. കെഎസ്ആർടിസി ബസുകളിൽ ഭൂരിഭാഗവും പത്തോ പതിനഞ്ചോ വർഷം പഴക്കമുള്ളവയാണ്. ഇവയിൽ ആന്റി തെഫ്റ്റ് ലോക്കിങ് സംവിധാനങ്ങളോ, ഡിജിറ്റൽ അലാറങ്ങളോ, സെൻസർ സംവിധാനങ്ങളോ ഇല്ല. സാധാരണ മെക്കാനിക്കൽ പണികൾ അറിയാവുന്ന ഏതൊരാൾക്കും ബസുകൾ കടത്തിക്കൊണ്ടുപോകാം. ഡിപ്പോകളിൽ ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുകയോ കാമറകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ലാത്തനാൽ നിരീക്ഷിക്കാനും മാർഗമില്ല. ഈ സുരക്ഷാവീഴ്ചയാണ് പാലക്കാട് ഡിപ്പോയിൽ ബസ് മോഷണത്തിലൂടെ കണ്ടത്. പൊലീസ് നഗരത്തിലെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. താക്കോൽ ഇല്ലാതെ വണ്ടി സ്റ്റാർട്ട് ചെയ്യാവുന്ന വിദ്യ ഉപയോഗിച്ചാണ് ബസ് കടത്തിയത്. കൃത്യമായ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ മോഷണം തുടർന്നേക്കാമെന്നതാണ് നിലവിലെ അവസ്ഥ. റോഡരികിൽ നിർത്തിയിടുന്ന ബസുകളിൽ ഇടിച്ച് മറ്റ് വാഹനങ്ങൾ അപടത്തിൽപ്പെടുന്നതും പതിവാണ്. രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ താവളമാണ് ഇത്തരം ബസുകൾ.










0 comments