print edition സുഗതന് വേണ്ടി ജനങ്ങളെ മറന്ന്

ശ്രീവരാഹം മാർക്കറ്റിന് സമീപത്ത് തെക്കനംകര കനാലിൽ നാളുകളായി അടിഞ്ഞുകൂടിയ മാലിന്യം. പ്രദേശവാസിയായ മോഹൻ സമീപം
തിരുവനന്തപുരം: 47 ദിവസങ്ങൾക്കുശേഷം തിങ്കളാഴ്‌ച കോർപറേഷൻ കൗൺസിൽ യോഗം ചേരുന്നു. തെരുവുനായപ്രശ്‌നം, മാലിന്യസംസ്‌കരണം ഉൾപ്പെടെ ജനകീയ വിഷയങ്ങളിൽ പരിഹാരം കണ്ടെത്താൻ ഭരണസമിതി നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ. കൊടുംക്രിമിനലായ വാഴോട്ടുകോണത്തെ ബിജപി കൗൺസിലർ ആർ സുഗതൻ ഒളിവിൽപോയതിനുശേഷമാണ് കൗൺസിൽ വിളിച്ചുചേർക്കാൻ മേയറും സംഘവും ഭയന്നത്. മറ്റൊരു കാപ്പകേസിൽ സുഗതൻ ജയിലിലായതോടെ കൗൺസിൽ വിളിക്കുന്നതുതന്നെ അവസാനിപ്പിച്ച മട്ടായിരുന്നു. മൂന്ന് കൗൺസിലിൽ ഹാജരാകാതിരുന്നാൽ സുഗതൻ അയോഗ്യനാക്കപ്പെടുകയും ഭരണം പ്രതിസന്ധിയിലാകുകയും ചെയ്യുമെന്നും അവർ ഭയപ്പെടുന്നുണ്ട്. എൽഡിഎഫ് പ്രതിഷേധം ശക്തമാക്കിയതോടെയാണ് യോഗം വിളിക്കാൻ ഭരണസമിതി നിർബന്ധിതമായത്.

മെയ് 12നാണ് അവസാനമായി കൗൺസിൽ വിളിച്ചത്. അതിനിടയിൽ നഗരം വെള്ളക്കെട്ടിലായതും തെരുവുനായ കുറുകേചാടി വിദ്യാർഥി മരിച്ചതും വയോധികന്റെ കൺപോള നായ്‌ക്കൾ കടിച്ചുകീറിയതുമൊന്നും മേയറും സംഘവും കണ്ടില്ല. മാലിന്യം നിറഞ്ഞ് പകർച്ചവ്യാധികളാൽ നഗരം വിറങ്ങലിച്ചിട്ടും ഒന്നും ചെയ്‌തില്ല. ‘സുഗതനുവേണ്ടി ഏതറ്റംവരെയും പോകും’ എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചതോടെ, മേയറും സംഘവും ഭരണം മറന്ന് സുഗതനുവേണ്ടി നീങ്ങി. ഇതെല്ലാം ചോദ്യം ചെയ്‌തതിനും ജനങ്ങൾക്കുവേണ്ടി പോരാടിയതിനും എൽഡിഎഫ് അംഗങ്ങളോട് ആക്രമണമായിരുന്നു മറുപടി. ഇത്രയുംദിവസം ജനങ്ങളെ മറന്ന മേയറും സംഘവും ഒടുവിൽ വിളിച്ചുചേർത്ത കൗൺസിലിൽ ചർച്ച ചെയ്യുന്നതാകട്ടെ 501 അജൻഡകളും. ചുരുങ്ങിയ സമയം ഇത്രയും ജനകീയപ്രശ്‌നങ്ങളും വിവാദവിഷയങ്ങളും എങ്ങനെ ചർച്ചചെയ്യുമെന്ന് ചോദിക്കുകയാണ് ജനം.
വാർഡുകളില്‍ കുടിവെള്ളം നിലച്ചിട്ട് ഒരാഴ്‌ച
തിരുവനന്തപുരം: ജനങ്ങളുടെ അടിസ്ഥാന അവകാശംപോലും ഉറപ്പ് നൽകാനാകാതെ കോർപറേഷൻ ഭരണം സ്‌തംഭനാവസ്ഥയിൽ. വിവിധ വാർഡുകളിൽ പൂർണമായി കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്‌ച പിന്നിട്ടു. വീടുകളിൽ ഭക്ഷണം പാകം ചെയ്യൽമുതൽ പ്രാഥമിക കൃത്യങ്ങൾവരെ അവതാളത്തിലായി. വിഷയത്തിൽ ജല അതോറിറ്റിയുടെ അലംഭാവവും തുടരുന്നു. ജനങ്ങളുടെ പരാതി അവഗണിച്ച അധികൃതർ വിഷയം സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ ചർച്ചയായതോടെ ഇടപെട്ടു.
ഇതോടെ ബുധൻ മുതൽ ചിലയിടങ്ങളിൽ വെള്ളം ലഭിച്ചെങ്കിലും ഭൂരിപക്ഷം വാർഡുകളിലും സ്ഥിതി അതേപടി തുടരുകയാണ്. രണ്ട് സംവിധാനങ്ങളുടെയും ഏകോപനമില്ലായ്‌മയും നിഷ്‌ക്രിയത്വവും കാരണം വെള്ളത്തിനായി ജനങ്ങൾ തെരുവിലിറങ്ങേണ്ടി വരികയാണ്. എയർ പൈപ്പിലെ ബ്ലോക്ക് കാരണമാണ് വെള്ളം മുടങ്ങുന്നതെന്നാണ് കോർപറേഷന്റെ ന്യായം. കുഴൽക്കിണറുള്ള വീടുകളിൽനിന്ന് പാത്രങ്ങളിൽ വെള്ളം ശേഖരിച്ചാണ് പലരും നിത്യോപയോഗം നടത്തുന്നത്.
നാമമാത്രമായി കോർപറേഷൻ ചിലയിടത്തു ടാങ്കറുകളിൽ കുടിവെള്ളമെത്തിച്ചിരുന്നു. എന്നാൽ ബിജെപി കൗൺസിലർമാരുടെ വാർഡുകളില്‍ മാത്രമായിരുന്നു ഇതെന്നാണ് ആരോപണം. പ്രധാന ജങ്‌ഷനുകളിൽ മാത്രമേ ടാങ്കറുകളെത്തൂ എന്നതിനാൽ ഇടറോഡുകളിലും ഇടുങ്ങിയ പ്രദേശങ്ങളിലും താമസിക്കുന്നവർ വെള്ളം തലച്ചുമടായാണ് വീടുകളിലെത്തിക്കുന്നത്. ഒരാഴ്‌ചമുന്പ് മീറ്റർ പൈപ്പിലൂടെ മണിക്കൂറുകൾ മാത്രം വെള്ളം ലഭിച്ചിരുന്നു. മുന്നറിയിപ്പ് നൽകാത്തതും പുലർച്ചെ രണ്ടുമുതൽ അഞ്ചുവരെമാത്രം വെള്ളം വരുന്നതും കാരണം പല കുടുംബങ്ങൾക്കും ഇൗ സൗകര്യം ഉപയോഗപ്പെടുത്താനും കഴിഞ്ഞില്ല.

ചെളി കലർന്ന വെള്ളം കിട്ടുന്നതായും പരാതിയുണ്ട്. മറ്റ് വഴികളില്ലാതെ ഇൗ വെള്ളം ഉപയോഗിച്ചാണ് പലരും പാചകം പോലും ചെയ്യുന്നത്. മുൻ കോർപറേഷൻ ഭരണസമിതിയുടെയും എൽഡിഎഫ് സർക്കാരിന്റെയും കാലത്ത് അടിയന്തര ബദൽ സംവിധാനങ്ങൾ ഉറപ്പാക്കിയായിരുന്നു കുടിവെള്ളപ്രശ്‌നം നേരിട്ടിരുന്നത്. ഷിഗല്ല പോലുള്ള ജലജന്യ രോഗങ്ങൾ പടരുമ്പോഴും ശുദ്ധമായ വെള്ളം പോലും നഗരവാസികൾക്ക് ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനവും കോർപറേഷനും വൻ പരാജയമായി.
സിന്ധു ശശിക്ക് കഴുത്തിന് സാരമായ പരിക്ക്
തിരുവനന്തപുരം: കോർപറേഷനിൽ ബിജെപി കൗൺസിലർമാരുടെ ആക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നികുതി അപ്പീൽ സ്ഥിരം സമിതി ചെയർപേഴ്സൺ സിന്ധു ശശിയുടെ കഴുത്തിന് സാരമായ പരിക്ക്. കഴുത്തിനു താഴെ ചതവുള്ളതിനാൽ എംആർഐ സ്കാനിങ് നടത്തി.
സി ടി സ്കാൻ പരിശോധന നേരത്തേ നടത്തിയെങ്കിലും കൂടുതൽ വ്യക്തമാകുന്നതിനായാണ് എംആർഐ നടത്തിയത്. എട്ടാം വാർഡിൽ ന്യൂറോ ,- ഓർത്തോ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്. നിലവിൽ കഴുത്തിലിട്ടിരിക്കുന്ന കോളർ ഒരാഴ്ച തുടരാൻ നിർദേശിച്ചിട്ടുണ്ട്. പരിക്കേറ്റ മറ്റു കൗൺസിലർമാരായ എസ് എസ് സിന്ധു, വീണാകുമാരി എന്നിവർ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
യുഡിഎഫ് ബിജെപിയുടെ ബി ടീം: വി ശിവൻകുട്ടി
തിരുവനന്തപുരം: ബിജെപി ഭരണത്തിന് കീഴിൽ കോർപറേഷൻ പൂർണമായും ഭരണസ്തംഭനത്തിലേക്ക് കൂപ്പുകുത്തിയെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. കോർപറേഷൻ ഓഫീസും അനുബന്ധ ഏജൻസികളും അഴിമതിയുടെ കേന്ദ്രങ്ങളായി മാറി. ജനജീവിതം ദുസ്സഹമാക്കുന്ന ഭരണപരാജയത്തിനെതിരെ എൽഡിഎഫ് നിരന്തരം സമരങ്ങൾ സംഘടിപ്പിക്കുമ്പോൾ, അതിനെ ദുർബലപ്പെടുത്താൻ യുഡിഎഫ് ബിജെപിയുമായി ഒത്തുകളിക്കുകയാണ്. ബിജെപിയുടെ ഭരണപരാജയത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ യുഡിഎഫ് നടത്തുന്ന നാടകങ്ങളുടെ ഭാഗമാണ് ഇപ്പോൾ പ്രഖ്യാപിച്ച അവിശ്വാസ പ്രമേയ നീക്കം. കോർപറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരിക്കുകയാണ്. കെടുകാര്യസ്ഥതമൂലം സാധാരണക്കാരാണ് ദുരിതത്തിലായത്.
ക്രിമിനലുകളെ സംരക്ഷിക്കുന്ന കേന്ദ്രമായി കോർപറേഷൻ മാറി. അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുന്ന യുഡിഎഫ് നേതൃത്വം വലിയൊരു തമാശയാണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ അംഗബലം യുഡിഎഫിന് കൗൺസിലിലില്ലെന്ന് അവർക്കുതന്നെ നന്നായറിയാം. എന്നിട്ടും ഇത്തരമൊരു നീക്കം പ്രഖ്യാപിച്ചത് ബിജെപിയെ രക്ഷിക്കാനാണ്. ഭരണപരാജയത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപിയും യുഡിഎഫും തമ്മിൽ വ്യക്തമായ ‘ഡീൽ' നിലവിലുണ്ട്. ജനങ്ങളെ ദ്രോഹിക്കുന്ന കോർപറേഷൻ ഭരണസമിതിയെ നിലയ്ക്ക് നിർത്താൻ എൽഡിഎഫ് ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
എൽഡിഎഫ് സമരം അഞ്ചാം ദിനത്തിലേക്ക്
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലടയ്‌ക്കപ്പെട്ട ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാംദിവസത്തിലേക്ക്. തിങ്കളാഴ്‌ച സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്‌ഘാടനം ചെയ്യും. കൗൺസിലർമാരായ സുചിത്ര, രഞ്‌ജിത് എന്നിവർ സത്യഗ്രഹം അനുഷ്‌ഠിക്കും.











0 comments