print edition സിപിഐ എമ്മിനെ പ്രതിയാക്കൽ; ഇഡി ലക്ഷ്യം രാഷ്‌ട്രീയ വേട്ട

തൃശൂർ: കരുവന്നൂർ ബാങ്ക് വിഷയത്തിൽ സിപിഐ എമ്മിനെ പ്രതിയാക്കിയ ഇഡി നടപടിക്കു പിന്നിൽ നേതാക്കളെ വേട്ടയാടുകയെന്ന ഗൂഢലക്ഷ്യം. തങ്ങളുടെ വരുതിക്ക് നിൽക്കാത്ത രാഷ്ട്രീയപാർടികളെ കള്ളക്കേസെടുത്ത് തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. എന്നാൽ കേസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് മുൻകേസുകൾ തെളിയിക്കുന്നത്. രാജ്യചരിത്രത്തിൽ രാഷ്ട്രീയപാർടിയെ പ്രതിയാക്കുന്നത് ഇത് രണ്ടാം തവണയാണ്. ആം ആദ്മി പാർടിയെയാണ് ആദ്യം പ്രതിയാക്കിയത്.
ആ കേസിൽ വ്യക്തമായ തെളിവുനൽകാൻപോലും ഇഡിക്കായില്ല. കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ മുഖ്യപ്രതികളെ മാപ്പുസാക്ഷിയാക്കി, കള്ളമൊഴികൾ പറയിച്ചാണ് സിപിഐ എമ്മിനെയും നേതാക്കളെയും ഇ ഡി പ്രതികളാക്കുന്നത്. ബിജെപിയെയും കേന്ദ്രസർക്കാരിനെയും ശക്തമായി എതിർക്കുന്ന സിപിഐ എമ്മിനെ തകർക്കലാണ് ലക്ഷ്യം.
കേസിൽ സിപിഐ എമ്മിനെ 68–ാം പ്രതിയാക്കിയാണ് ഇ ഡി കുറ്റപത്രം. പാർടി ജില്ലാ സെക്രട്ടറിമാരായിരുന്നുവെന്നതിന്റെ പേരിൽമാത്രം കെ രാധാകൃഷ്‌ണൻ എംപി, എ സി മൊയ്‌തീൻ എംഎൽഎ, എം എം വർഗീസ് എന്നിവരെ പ്രതികളാക്കി. പാർടിയുടെ പേരിലെടുത്ത കേസിൽ ജില്ലാസെക്രട്ടറി കെ വി അബ്‌ദുൾഖാദറിനെയും ഉൾപ്പെടുത്തി.തെരഞ്ഞെടുപ്പ് കമീഷൻ നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌ത് പ്രവർത്തിക്കുന്ന പാർടിക്കെതിരെ ജനാധിപത്യത്തിന് നിരക്കാത്തവിധമാണ് ഇഡി കേസെടുത്തതെന്ന് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ പറഞ്ഞു. നിയമപരമായും രാഷ്‌ട്രീയമായും ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ കേസിൽ ചുമതലയുള്ള കൊച്ചിയിലെ ഇഡി മേധാവിക്കെതിരെ അഴിമതിക്കേസ് ചുമത്തിയിരുന്നു. ഇതേ ഇഡി, പ്രതികളായ ബിജെപിക്കാരെ രക്ഷിക്കാൻ കൊടകര കുഴൽപ്പണക്കേസ് അട്ടിമറിച്ചു. തൃശൂരിലെ ബിജെപി ഓ-ഫീസിൽ ചാക്കുകെട്ടുകളിൽ ഒന്പത് കോടി ഇറക്കിയത് താൻ കണ്ടെന്ന് വെളിപ്പെടുത്തിയ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴിപോലും രേഖപ്പെടുത്താതെയാണ് ക്ലീൻ ചിറ്റ് നൽകിയത്.










0 comments