ad
Deshabhimani

താനൂരിൽ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു; ആറ് പേർക്ക് പരിക്ക്

tanur kathina apakadam
വെബ് ഡെസ്ക്

Published on Dec 30, 2025, 04:14 PM | 1 min read

താനൂർ: ശോഭപ്പറമ്പ് കലങ്കരി ഉത്സവത്തിനിടെ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വഴിപാടായി പൊട്ടിക്കാനുള്ള കതിനകളിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ തീപ്പൊരി പടർന്നതാണ് അപകടത്തിന് കാരണമായത്.


താനൂർ ചിറക്കൽ സ്വദേശികളായ തള്ളശ്ശേരി താഴത്ത് വേണുഗോപാൽ (54), കറുത്തേടത്ത് മുഹമ്മദ്കുട്ടി (60), പാലക്കാട്ട് ഗോപാലൻ (47), ശോഭപ്പറമ്പ് സ്വദേശി പതിയംപാട്ട് രാമൻ (47), പൂരപ്പറമ്പിൽ വിനേഷ്കുമാർ (48), കാരാട് താമസക്കാരനായ വേലു (55) എന്നിവർക്കാണ് പരിക്കേറ്റത്.


മരുന്ന് നിറയ്ക്കുന്നതിനിടയിലുണ്ടായ ചെറിയ തീപ്പൊരി നിറച്ചു വച്ച കതിനകളിലേക്ക് പടരുകയായിരുന്നു. സംഭവസ്ഥലത്ത് വലിയ അളവിൽ വെടിമരുന്ന് സൂക്ഷിക്കാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.


താനൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആദ്യം മൂലക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൂടുതൽ ചികിത്സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. നിലവില്‍ കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയിലാണ്.


പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും, അവരുടെ മുഴുവൻ ചികിത്സാ ചെലവും ഉത്സവക്കമ്മിറ്റി ഏറ്റെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home