തമിഴ്‌നാടിന് കത്തയക്കലിൽ കേരളത്തിന്റെ ഇടപെടൽ ഒതുങ്ങി
print edition തമിഴ്‌നാട്ടിലെ ക്വാറി നിയന്ത്രണം; നിർമാണമേഖല പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ
Published on Jul 31, 2026, 01:20 AM | 1 min read
തിരുവനന്തപുരം: തമിഴ്‌നാട് സർക്കാർ ക്വാറി ഉൽപ്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നതിന് മൂന്നുമാസത്തെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതോടെ കേരളത്തിലെ നിർമാണമേഖല കടുത്ത പ്രതിസന്ധിയിൽ. പാറക്കല്ല്, മെറ്റൽ ജല്ലി, എം-സാൻഡ്, പാറപ്പൊടി എന്നിവയുടെ കയറ്റുമതി തമിഴ്‌നാട് പൂർണമായും തടഞ്ഞിട്ടുണ്ട്. ഇത് നീക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചതല്ലാതെ കാര്യക്ഷമമായ ഇടപെടലിന് സർക്കാർ തയ്യാറായിട്ടില്ല.
തമിഴ്‌നാട്ടിൽ ക്വാറി ഉൽപ്പന്നങ്ങളുടെ ആവശ്യകത വർധിച്ചതും അതിർത്തി ജില്ലകളായ തെങ്കാശി, കന്യാകുമാരി, മധുര, തിരുനെൽവേലി, തേനി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വൻതോതിലുള്ള അനധികൃത ഖനനത്തിനെതിരെ കർശന നടപടി സ്വീകരിച്ചതുമാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണം. കേരളത്തിൽ പാലക്കാട്, എറണാകുളം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്.
കേരളത്തിന്റെ ആവശ്യത്തിന്റെ 40 ശതമാനത്തോളം നേരത്തേ തമിഴ്‌നാട്ടിൽനിന്നാണ് എത്തിയിരുന്നത്. അതിനാൽ പെട്ടെന്നുള്ള നിരോധനം വലിയ വിടവ് സൃഷ്ടിച്ചു. കേരളത്തിലെ ദേശീയപാത നിർമാണത്തിനാവശ്യമായ ഭൂരിഭാഗം കരിങ്കൽ ഉൽപ്പന്നങ്ങളും തമിഴ്‌നാട്ടിൽനിന്നാണ് എത്തിച്ചിരുന്നത്. വിലക്ക് നിർമാണത്തെ ബാധിച്ചിട്ടുണ്ട്. വിഴിഞ്ഞം രണ്ടാംഘട്ട നിർമാണം, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡ് വികസന പദ്ധതികളെ ഇത് ബാധിക്കും. ക്വാറി ഉൽപ്പന്നങ്ങളുടെ ക്ഷാമം ഇൗ മേഖലയിൽ വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്.










0 comments