അമുസ്ലിങ്ങളെ ഉൾപ്പെടുത്തൽ
print edition തമിഴ്‌നാടിന്റെ കേസിൽ കക്ഷിചേരാൻ സംസ്ഥാന വഖഫ് ബോർഡ്

കൊച്ചി : വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ നിർണായകനീക്കവുമായി കേരള വഖഫ് ബോർഡ്. അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയിൽ തമിഴ്‌നാട് നൽകിയിട്ടുള്ള കേസിൽ കേരള വഖഫ് ബോർഡ് കക്ഷിചേരും. ഇതുസംബന്ധിച്ച് തമിഴ്‌നാട് വഖഫ് ബോർഡുമായും അഭിഭാഷകരുമായും ചർച്ചനടത്തിയതായി ബോർഡ് ചെയർമാൻ കെ എസ് ഹംസ പറഞ്ഞു.
അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നത് ചോദ്യംചെയ്‌ത് തമിഴ്‌നാട് വഖഫ് ബോർഡ് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയിൽനിന്ന് താൽക്കാലിക സ്‌റ്റേ ലഭിച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കേന്ദ്ര വഖഫ് നിയമ ഭേദഗതിപ്രകാരം കേരള വഖഫ് ബോർഡിൽ അമുസ്ലിങ്ങളെക്കൂടി ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉൾപ്പെടെ നൽകിയിരുന്ന ഹർജിയിൽ ഹൈക്കോടതി അനുകൂലവിധി നൽകിയിരുന്നു. ഇക്കാര്യത്തിൽ യുഡിഎഫ് സർക്കാരിന്റെ അനുകൂലനിലപാടും നിർണായകമായി.
കേന്ദ്ര വഖഫ് നിയമത്തിലെ സെക്‌ഷൻ 14(6) പ്രകാരം രണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്ന് അഡ്വക്കറ്റ് ജനറൽ നേരിട്ട് ഹാജരായി കോടതിയെ അറിയിക്കുകയായിരുന്നു. പിന്നീട് അഡ്‌മിനിസ്‌ട്രേറ്റർ ഭരണമേർപ്പെടുത്തിയതിനെതിരെ ബോർഡ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പരിഗണിച്ചപ്പോഴും സംസ്ഥാന സർക്കാർ ഇതേ നിലപാട് ആവർത്തിച്ചു.
ഒഴിവുകൾ നികത്തി പുനഃസംഘടിപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച ആറാഴ്‌ച സമയം അവസാനിക്കാനിരിക്കെയാണ് ബോർഡ് തമിഴ്‌നാട് കേസിൽ കക്ഷിചേരാനൊരുങ്ങുന്നത്. കഴിഞ്ഞമാസം 20നായിരുന്നു ഹൈക്കോടതി വിധി. തമിഴ്‌നാട് വഖഫ് ബോർഡിന്റെ പ്രവർത്തനം തടഞ്ഞ മദ്രാസ് ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്‌റ്റേ അനുവദിച്ച സുപ്രീംകോടതി, ബോർഡിന് തുടർന്ന് പ്രവർത്തിക്കാനും അനുമതി നൽകിയിരുന്നു. കേരള സംസ്ഥാന വഖഫ് ബോർഡിനെ പിരിച്ചുവിടുന്നത് ഉൾപ്പെടെ നടപടികളിലേക്ക് സംസ്ഥാന സർക്കാർ നീങ്ങാനിരിക്കെയാണ് തമിഴ്‌നാടിനൊപ്പമുള്ള നിയമപോരാട്ടം.










0 comments