താമരശേരി കൊലപാതകം: ഒരു വിദ്യാർഥി കൂടി കസ്റ്റഡിയിൽ

താമരശേരി(കോഴിക്കോട്): താമരശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വിദ്യാർഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം ആറായി. ഷഹബാസിനെ കൂട്ടംകൂടി മർദ്ദിച്ചതിൽ വിദ്യാർഥിക്കും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാം ചാറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിയെ പിടികൂടിയത്. സംഭവ സ്ഥലത്ത് കൊണ്ടുപോയതിന് ശേഷം വിദ്യാർഥിയെ താമരശ്ശേരി സ്റ്റേഷനിലെത്തിച്ചു. ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കും എന്നാണ് വിവരം. ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇപ്പോൾ ജുവൈനൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
അതേ സമയം, പ്രതികളിൽ ഒരാളുടെ വീട്ടിൽനിന്ന് കൊലയ്ക്കുപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തിരുന്നു. കൂടാതെ മൊബൈൽ ഫോണുകളും ലാപ്ടോപും പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്‌ക്കായി അയച്ചു. ഞായറാഴ്‌ച ഉച്ചയോടെയാണ് അഞ്ച് പ്രതികളുടെയും വീടുകളിൽ ആയുധങ്ങളും കൂടുതൽ ഡിജിറ്റൽ തെളിവുകളും കണ്ടെത്താനുള്ള പരിശോധന അന്വേഷക സംഘം നടത്തിയത്. ഷഹബാസിന്റെ മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളുൾപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകൾ പൊലീസ് പരിശോധിച്ചു. കൂടുതൽ സൈബർ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഷഹബാസിന്റെ മരണത്തിൽ മുതിർന്നവർക്ക് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന്റെ നിഗമനം. വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്(15) മരിച്ചത്. കഴിഞ്ഞ വ്യാഴം വൈകിട്ട് താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന് സമീപത്താണ് താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജിവിഎച്ച്‌എസ്‌എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഞായറാഴ്‌ച പരിപാടിയിൽ ജിവിഎച്ച്‌എസ്‌എസിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്, പാട്ട് നിലച്ചതിനെ തുടർന്ന് പാതിവഴിയിൽ നിർത്തിയിരുന്നു. ഈസമയം, താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവി. ഇതോടെ വിദ്യാർഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടു. അധ്യാപകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
പിന്നീട് ജിവിഎച്ച്എസ്എസ് സ്‌കൂളിലെ 15ഓളം വിദ്യാർഥികൾ വാട്ട്‌സാപ് ഗ്രൂപ്പിലൂടെ സംഘടിച്ച് വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ സെന്ററിലെത്തി. താമരശേരി എംജെ സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്. അതിനിടെ അക്രമി സംഘത്തിൽ പെട്ടവരുടെ ഇൻസ്റ്റഗ്രാം ചാറ്റും പുറത്തായി. 'ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാൽ കൊല്ലും അവൻറെ കണ്ണു പോയി നോക്ക് എന്നും അവരല്ലേ ഇങ്ങോട്ട് അടിക്കാൻ വന്നത് കേസ് ഒന്നും ഉണ്ടാകില്ല' എന്ന് വിദ്യാർഥികൾ പറയുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്.
താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി ജിവിഎച്ച്എസ്എസ് വിദ്യാർഥികളായ അഞ്ച് പേരെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയിരുന്നു. എളേറ്റിൽ വട്ടോളി എംജെ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമാണ് ഏറ്റുമുട്ടിയത്.
0 comments