ad
Deshabhimani

print edition സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയെ വധിക്കാൻ ശ്രമം; 3 എസ്‌ഡിപിഐക്കാർക്ക്‌
18 വർഷം കഠിനതടവ്‌

cpim attack

ടി ഹനാൻ, മുഹമ്മദ്‌ അബ്‌ദുള്ള, എ പി ഫൈസൽ

വെബ് ഡെസ്ക്

Published on Aug 06, 2026, 01:31 AM | 1 min read

തളിപ്പറമ്പ് : സിപിഐ എം രാമന്തളി വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ വിജയനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക്‌ വിവിധ വകുപ്പുകൾ പ്രകാരം 18 വർഷം കഠിനതടവ്‌. രാമന്തളി വടക്കുമ്പാട് സ്വദേശികളായ താളിക്കാരൻ ടി ഹനാൻ (40), അരുമാടിൽ ഹ‍ൗസിൽ എം പി മുഹമ്മദ് അബ്ദുള്ള (40), മുങ്ങംകോൽ പടിഞ്ഞാറെവീട്ടിൽ എം പി ഫൈസൽ (36) എന്നിവരെയാണ് തളിപ്പറമ്പ്‌ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്ത്‌ ശിക്ഷിച്ചത്.


മൂന്ന് ലക്ഷം രൂപ വീതം പിഴയുമടയ്‌ക്കണം. പിഴയടച്ചില്ലെങ്കിൽ തടവ് നീളും. പിഴയടച്ചാൽ ഒമ്പത്‌ ലക്ഷം രൂപ അക്രമത്തിനിരയായ വിജയന് നൽകണമെന്നും വിധിയിലുണ്ട്‌. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽമതി.

രാഷ്‌ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. അമേരിക്കൻ എഴുത്തുകാരനായിരുന്ന ഐസക് അസിമൊവിന്റെ "അപ്രാപ്തരായവരുടെ അവസാനത്തെ ആശ്രയമാണ് അക്രമം' എന്ന വരി ഉദ്ധരിച്ചാണ്‌ വിധി പ്രഖ്യാപിച്ചത്‌.


2015 സെപ്തംബർ 17നാണ്‌ സിപിഐ എം വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറിയും രാമന്തളി സർവീസ്‌ സഹകരണ ബാങ്ക് ജീവനക്കാരനുമായ കെ വിജയനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഓണാഘോഷത്തിന്‌ വാടകയ്‌ക്കെടുത്ത യാഷിക ലൈറ്റ്‌ ആൻഡ്‌ സ‍ൗണ്ടിന്റെ പണം നൽകാൻ വി പി മുഹമ്മദ് ഷഫീഖിന്റെ രാമന്തളിയിലെ സ്ഥാപനത്തിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ പ്രതികൾ ആക്രമിച്ചത്. തടയാൻ ശ്രമിച്ച മുഹമ്മദ് ഷഫീഖിനെ തള്ളിയിടുകയുംചെയ്തു. ഗുരുതര പരിക്കേറ്റ വിജയൻ ആറു മാസം ചികിത്സയിലായിരുന്നു. ഒരു വർഷത്തിനുശേഷമാണ്‌ സംസാരശേഷി തിരിച്ചുകിട്ടിയത്‌.


11 വർഷത്തിനുശേഷമാണ് വിചാരണ പൂർത്തിയാക്കിയത്. ചൊവ്വാഴ്‌ചയാണ്‌ കോടതി പ്രതികളെ കുറ്റക്കാരെന്ന് വിധിച്ചത്‌. രണ്ടാം പ്രതി മുഹമ്മദ് -അബ്‌ദുള്ള മലപ്പുറത്ത് സ്വകാര്യ പോളിടെക്‌നിക്‌ അധ്യാപകനാണ്‌. ഹനാൻ ഒന്നാം പ്രതിയും ഫൈസൽ മൂന്നാം പ്രതിയുമാണ്‌. കേസിൽ 17പേരെ വിസ്‌തരിച്ചു. പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു രമേശൻ ഹാജരായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home