പണം വാങ്ങി മയക്കുമരുന്ന് കേസ് ഒതുക്കി ; ടി സിദ്ദിഖിന്റെ മുൻ ഗൺമാന് സസ്പെൻഷൻ

കൽപ്പറ്റ
വാഹനാപകടത്തിൽ പരിക്കേറ്റയാളിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയ സംഭവം പണം വാങ്ങി ഒതുക്കിയതിന് ടി സിദ്ദിഖ് എംഎൽഎയുടെ മുൻഗൺമാൻ കെ വി സ്മിബിന് സസ്പെൻഷൻ. മാനന്തവാടി ഡിവൈഎസ്‌പി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയാണ് നടപടിയെടുത്തത്. സ്മിബിനെ വൈത്തിരി സ്‌റ്റേഷനിൽനിന്ന് എആർ ക്യാമ്പിലേക്ക് നേരത്തേ സ്ഥലംമാറ്റിയിരുന്നു.
മാർച്ചിൽ ലക്കിടിയിൽ ബസും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ച കാർ യാത്രികന്റെ പോക്കറ്റിൽനിന്ന് കഞ്ചാവും 29 മോർഫിൻ ഗുളികകളും കണ്ടെത്തിയിരുന്നു. വൈത്തിരി പൊലീസെത്തി കഞ്ചാവ് ഉൾപ്പെടെയുള്ളവ കൊണ്ടുപോയി. എന്നാൽ, മയക്കുമരുന്ന് കേസ് എടുത്തില്ല. സ്‌മിബിൻ പണം വാങ്ങി കേസ് ഒഴിവാക്കി. ഭീഷണിപ്പെടുത്തി കാർ യാത്രികന്റെ സുഹൃത്തിൽനിന്ന് മൂന്നുതവണയായി ഒന്നരലക്ഷം രൂപയും വാങ്ങി.
ടി സിദ്ദിഖ് എംഎൽഎയുടെ സ്‌റ്റാഫിന് നൽകാനാണെന്ന് പറഞ്ഞ് പിന്നീട് രണ്ടര ലക്ഷംരൂപകൂടി ആവശ്യപ്പെട്ടു. ഇതിന്റെ ഫോൺ സംഭാഷണവും കേസ് ഒതുക്കാൻ നടത്തിയ വാട്‌സാപ്പ് ചാറ്റുകളും വോയ്‌സ് മെസേജുകളും ലഭിച്ചിരുന്നു. മുമ്പ് കൽപ്പറ്റയിലെ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിന് സ്മിബിൻ ദീർഘകാലം സസ്പെൻഷനിലായിരുന്നു.








0 comments