ടി എസ് മുരളി സ്മാരക പുരസ്കാരം പി കെ മേദിനിക്ക്

കൊച്ചി: ബെഫി സ്ഥാപക ജനറൽ സെക്രട്ടറി ടി എസ് മുരളിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഒമ്പതാമത് ടി എസ് മുരളി സ്മാരക പുരസ്കാരം പി കെ മേദിനിക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.
ബെഫി ദേശീയ പ്രസിഡന്റ് എസ് എസ് അനിൽ, മുൻ പ്രസിഡന്റ് സി ജെ നന്ദകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ജെറിൻ കെ ജോൺ, സംസ്ഥാന പ്രസിഡന്റ് എൻ സനിൽ ബാബു, ബിഒബി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ജി സതീഷ്, ജനറൽ സെക്രട്ടറി എസ് എൽ ദിലീപ് എന്നിവർ അടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
കേരളത്തിലെ പ്രശസ്തയായ വിപ്ലവ ഗായികയും നാടകനടിയുമായും പുന്നപ്ര- വയലാർ സ്വാതന്ത്ര്യ സമരസേനാനിയായും വ്യക്തിമുദ്ര പതിപ്പിച്ച പി കെ മേദിനി 1933ൽ ആലപ്പുഴ ജില്ലയിലാണ് ജനിച്ചത്. ചെറുപ്പം മുതൽ തന്നെ സംഗീതപ്രതിഭ തെളിയിച്ച മേദിനി, വളരെ ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ് പാർട്ടി വേദികളിലെ സ്ഥിര സാന്നിധ്യമായി മാറി. സാമൂഹ്യനീതി, സമത്വം, തൊഴിലാളികളുടെ അവകാശങ്ങൾ തുടങ്ങിയ ആശയങ്ങൾ പ്രചരിപ്പിക്കുന്ന വിപ്ലവഗാനങ്ങളാണ് അവർ പ്രധാനമായും ആലപിച്ചത്. പുന്നപ്ര- വയലാർ സമരകാലം ഉൾപ്പെടെ നിരവധി സമരങ്ങൾക്ക് അവരുടെ ഗാനങ്ങൾ ഉണർവ്വേകി.
കേരള സംഗീത നാടക അക്കാദമി അവാർഡ്, ടി എൻ കുമാരൻ സ്മാരക പുരസ്കാരം, കാമ്പിശ്ശേരി പുരസ്കാരം, ജനകീയ ഗായികാ അവാർഡ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ ജില്ലാ കമ്മിറ്റി അംഗമായും എൻഎഫ്ഐഡബ്ല്യുവിന്റെ ദേശീയ നിർവാഹക സമിതി അംഗമായും പ്രവർത്തിക്കുന്നു.










0 comments