കുട്ടികളുടെ നല്ല ഭാവി സ്വപ്‌നം കണ്ട മനുഷ്യസ്‌നേഹി

തിരുവനന്തപുരം: ഭാവി തലമുറ എന്തായിരിക്കണമെന്ന് വിഭാവനം ചെയ്യുകയും അതിനായി കുട്ടികളെ സജ്ജരാക്കാൻ വിശ്രമമില്ലാതെ പ്രയത്നിക്കുകയും ചെയ്‌ത വ്യക്തിത്വമായിരുന്നു ടി നാരായണൻ. ‘കുട്ടികൾ ചരിത്രത്തിന്റെ ഉൽപ്പന്നങ്ങളും ചരിത്രം നിർമിക്കുന്നവരും’, ‘ഭാവി തലമുറയെ കരുപ്പിടിപ്പിക്കാൻ’ എന്നീ പുസ്‌തകങ്ങൾ മതി ആ വലിയ ജീവിതമറിയാൻ. 1980 മുതൽ 4 പതിറ്റാണ്ടുകൾ അദ്ദേഹം ബാലസംഘം പ്രവർത്തകരുടെ കൂട്ടായ്‌മ കെട്ടിപ്പടുക്കാനും അവർക്ക് ദിശാബോധം നൽകാനുമായി ചെലവഴിച്ചു.
പട്ടാമ്പിക്കടുത്തുള്ള ഞാങ്ങാട്ടിരിയിലെ തെക്കേടത്തു മനയിലായിരുന്നു ജനനം. സാമൂഹ്യപരിഷ്‌കരണത്തിന്റെ അന്തരീക്ഷം വീട്ടിലുണ്ടായിരുന്നു. യോഗക്ഷേമസഭയുടെ പ്രവർത്തകരായിരുന്നു അച്ഛൻ രാമൻ നമ്പൂതിരിയും അമ്മ നങ്ങേലി അന്തർജനവും. അന്നുണ്ടായ പല അനാചാരങ്ങളെയും ചോദ്യം ചെയ്‌തവരായിരുന്നു ഇരുവരും. ആ പാരമ്പര്യത്തിൽനിന്നാണ് ഇടതുപക്ഷ രാഷ്‌ട്രീയത്തിലേക്ക് ടി നാരായണൻ എത്തുന്നത്. എജീസ് ഓഫീസ് ജീവനക്കാരനായി തിരുവനന്തപുരത്ത് എത്തിയതോടെ സംഘടനയുടെ പ്രവർത്തകനായി മാറി.
അടിയന്തരാവസ്ഥ കാലത്ത് വലിയരീതിയിലുള്ള കടന്നാക്രമണമാണ് ഓൾ ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷന് നേരെയുണ്ടായിരുന്നത്. അദ്ദേഹം അതിന്റെ അഖിലേന്ത്യ പ്രസിഡന്റായിരുന്നു. നിരവധി പണിമുടക്കുകളിൽ പങ്കെടുക്കുകയും അതിന്റെ ഭാഗമായിട്ടുള്ള ശിക്ഷാനടപടികൾ ഏറ്റുവാങ്ങുകയും ചെയ്‌തു. എജിസ് ഓഫീസിൽ അസി. അക്കൗണ്ട്സ് ഓഫീസറായാണ് വിരമിച്ചത്. മനുഷ്യകഥാനുഗായികൾ, വിദ്യാഭ്യാസം, സംസ്കാരം, സമൂഹം, വായനയും പ്രതികരണവും തുടങ്ങി 6 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അബുദാബി ശക്തി പുരസ്കാരവും ലഭിച്ചു. മികച്ച നിരൂപകനുമായിരുന്നു.
അദ്ദേഹത്തിന്റെ വസതിയായ കൈതമുക്കിലെ ‘ജ്യോതിസ്’ കുട്ടികൾക്കും ബാലസംഘം പ്രവർത്തകർക്കും ആശ്രയമായിരുന്നു. തത്തമ്മയുടെ പത്രാധിപർ, ശിശുക്ഷേമസമിതിയുടെ ട്രഷറർ, ബാലസംഘം സംസ്ഥാന രക്ഷാധികാരി ഏകോപന സമിതി ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. വാർധക്യസഹജമായ രോഗം തളർത്തുന്നതുവരെ എഴുത്തിലും സാമൂഹ്യമേഖലയിലും സജീവമായിരുന്നു.
സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, വി ശിവൻകുട്ടി, മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത, വനിതാകമീഷൻ അധ്യക്ഷ പി സതീദേവി, ആന്റണി രാജു എംഎൽഎ, മൃദുൽ ഈപ്പൻ, ശിശുക്ഷേമസമിതി ജനറൽസെക്രട്ടറി ജി എൽ അരുൺഗോപി തുടങ്ങി നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.
ടി നാരായണൻ അവകാശ സമരങ്ങളുടെ മുന്നണിപ്പോരാളി: എം വി ഗോവിന്ദൻ
തിരുവനന്തപുരം : കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനാ നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി നാരായണന്റെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചിച്ചു. കേന്ദ്രസർക്കാരിന്റെ പ്രതികാരനടപടികളെ പലവട്ടം അതിജീവിച്ചാണ് അദ്ദേഹം അവകാശസമരങ്ങളുടെ മുന്നണി പോരാളിയായി നിലകൊണ്ടത്. ബാലസംഘത്തിന്റെ രൂപീകരണ കാലഘട്ടത്തിൽ രക്ഷാധികാരികളുടെ സെക്രട്ടറിയായും പിന്നീട് ശിശുക്ഷേമ സമിതി ട്രഷററായും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും എം വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.










0 comments