കുട്ടികളുടെ പ്രിയ മാഷ് ഇനി ഓർമ

തിരുവനന്തപുരം
കുട്ടികളുടെ നന്മനിറഞ്ഞ സമൂഹം രൂപപ്പെടുത്താനുള്ള സർഗാത്മക ഇടപെടലുകൾ നടത്തിയ പ്രിയമാഷ് ഇനി ഓർമ. ഭാവി തലമുറയുടെ പുരോഗതിയുമായി ബന്ധപ്പെട്ട ഏതുവാർത്തയും മാധ്യമങ്ങളിൽനിന്നും മറ്റുമായി ശേഖരിച്ച് ആ കുറിപ്പുകൾ ബന്ധപ്പെട്ടവരുടെ മുന്നിലേക്ക് വാട്‌സാപ്പിലും കത്തിലുമായി ടി നാരായണൻ എന്ന സാമൂഹ്യപ്രവർത്തകൻ എത്തിച്ചുകൊണ്ടിരുന്നു. അസുഖംമൂലമുള്ള അവശതകാരണം ഏതാനും ആഴ്‌ചകൾക്കുമുമ്പാണ് ആ പ്രവൃത്തി മുടങ്ങിയത്. അദ്ദേഹം തുറന്നിട്ട ചിന്തകളും സ്വാധീനവും എന്നും നിലനിൽക്കും. ഓൾ ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് സംസ്ഥാന പ്രസിഡന്റ് എന്നീനിലകളിൽ ശ്രദ്ധേയമായ പ്രവർത്തനവും നടത്തി.
അദ്ദേഹത്തെ അവസാനമായി കാണാൻ കൈതമുക്കിലെ ‘ജ്യോതിസി’ലേക്ക് പഴയകാല സഹപ്രവർത്തകരും രാഷ്‌ട്രീയനേതാക്കളും സാംസ്‌കാരികപ്രവർത്തകരുമെത്തി. പ്രവർത്തനകേന്ദ്രമായിരുന്ന ശിശുക്ഷേമസമിതിയിലും മൃതദേഹം പൊതുദർശനത്തിനുവച്ചു. ഞായർ വൈകിട്ട് നാലരയോടെ ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. ശാന്തികവാടത്തിലേക്കുള്ള അന്ത്യയാത്രയിൽ സിപിഐ എമ്മിന്റെ മുതിർന്ന നേതാക്കളായ എസ് ആർ പി, സി പി നാരായണൻ, ജില്ലാസെക്രട്ടറി വി ജോയി, പുത്തലത്ത് ദിനേശൻ, ജെ മേഴ്‌സിക്കുട്ടി അമ്മ, പി സതീദേവി, സി എസ് സുജാത, സൂസൻകോടി തുടങ്ങി നിരവധിപേരെത്തി. ദേശാഭിമാനിക്കുവേണ്ടി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ റീത്ത് സമർപ്പിച്ചു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ, മന്ത്രി ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, എ എ റഹിം എംപി തുടങ്ങി നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.










0 comments