print edition സിറോ മലബാർ സഭ സുന്നഹദോസ് സമ്മേളനം തുടങ്ങി

കൊച്ചി
സിറോ മലബാർ സഭ മെത്രാൻ സുന്നഹദോസിന്റെ ഒന്നാംസമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. സഭയുടെ ചൈതന്യവും വിശ്വാസ്യതയും അളക്കപ്പെടുന്നത് അരികുവൽക്കരിക്കപ്പെട്ടവരോടും നിശബ്ദരാക്കപ്പെട്ടവരോടും പുറമ്പോക്കുകളിൽ കഴിയുന്നവരോടും എങ്ങനെ കരുണ കാണിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മുറിവേറ്റയിടങ്ങളിൽ അനുരഞ്ജനം സാധ്യമാക്കണം. സഭാസമൂഹത്തിലെ ഒരംഗവും ഒഴിവാക്കപ്പെട്ടവരോ കേൾക്കപ്പെടാത്തവരോ ആയി അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പറഞ്ഞു.
പുതിയ സിറോ മലബാർ സഭാപ്രവിശ്യകളുടെ തലവന്മാരായി സ്ഥാനമേറ്റെടുത്ത മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ അഭിനന്ദിച്ചു.
മെത്രാൻ സുന്നഹദോസിലേക്ക് പുതിയ അംഗങ്ങളായി എത്തിയ ബെൽത്തങ്കടി രൂപതാ അധ്യക്ഷൻ മാർ ജയിംസ് പട്ടേരിൽ, അദിലാബാദ് രൂപതാ അധ്യക്ഷൻ മാർ ജോസഫ് തച്ചാപറമ്പത്ത് എന്നിവരെ സ്വാഗതം ചെയ്‌തു. ശനി വൈകിട്ട് സുന്നഹദോസ് സമ്മേളനം സമാപിക്കും. ഇന്ത്യക്കകത്തും വിദേശത്തുമുള്ള 53 മെത്രാന്മാരാണ് പങ്കെടുക്കുന്നത്.










0 comments