ഓണത്തെ വരവേൽക്കാൻ തൃത്താല റെഡി; സുസ്ഥിര വിളവെടുപ്പിന് തുടക്കം

തൃത്താല: സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി വിളവെടുപ്പ് ഉത്സവത്തിന് തുടക്കം കുറിച്ചു. നാഗലശ്ശേരി മൂളിപ്പറമ്പിലാണ് വിളവെടുപ്പ് ചടങ്ങ് നടന്നത്. പലനിറത്തിലുള്ള ചെണ്ടുമല്ലി, വെണ്ട, തക്കാളി, വഴുതന, പയർ,ചീര, മധുരക്കിഴങ്ങ്, കൂർക്ക, കൂവ തുടങ്ങി പലതരം വിളകളുണ്ടായിരുന്നു. അത്തത്തിനു മുമ്പേ തൃത്താലയിൽ ഓണം തുടങ്ങി എന്ന് പറഞ്ഞായിരുന്നു മന്ത്രി എം ബി രാജേഷ് ഇതേക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ചത്.
'അത്തത്തിനു മുമ്പേ തൃത്താലയിൽ ഓണം തുടങ്ങി. സുസ്ഥിര തൃത്താലയുടെ വിളവെടുപ്പിന് ഇന്ന് തുടക്കം കുറിച്ചു. പലനിറത്തിലുള്ള ചെണ്ടുമല്ലി, വെണ്ട, തക്കാളി, വഴുതന, പയർ,ചീര, മധുരക്കിഴങ്ങ്, കൂർക്ക, കൂവ തുടങ്ങിയവയെല്ലാം കൃഷി ചെയ്ത നാഗലശ്ശേരി മൂളിപ്പറമ്പിലാണ് ഇന്ന് വിളവെടുപ്പുത്സവം നടത്തിയത്.'
അമ്പത് സെന്റിൽ സമൃദ്ധമായി കൃഷി ചെയ്യാൻ നേതൃത്വം കൊടുത്തത് കുടുംബശ്രീ ഉണർവ്വ് ജെഎൽജി ഗ്രൂപ്പാണ്. ആബാല വൃദ്ധം ആളുകളും ആഘോഷപൂർവ്വം വിളവെടുപ്പ് ഉത്സവത്തിന് അണി നിരന്നു. നീണ്ടുനിന്ന മഴയില്ലായിരുന്നെങ്കിൽ ഇതിനേക്കാൾ മികച്ച വിളവ് ലഭിക്കുമായിരുന്നുവെന്ന് കുടുംബശ്രീ സുഹൃത്തുക്കളും തൊഴിലുറപ്പ് അമ്മമാരും പറഞ്ഞു . എങ്കിലും വിളവെടുപ്പ് മോശമല്ല. പൂവിനും പച്ചക്കറിക്കുമെല്ലാം ഇപ്പോൾ തന്നെ ഓർഡർ ലഭിച്ചു കഴിഞ്ഞു.
31 മുതൽ ആരംഭിക്കുന്ന സുസ്ഥിര തൃത്താല കാർഷിക കാർണിവലിൽ ഈ ഉൽപ്പന്നങ്ങൾ വിറ്റഴിക്കും. സുസ്ഥിര തൃത്താലയുടെ ഭാഗമായി കൃഷിവകുപ്പ് കർഷകരിൽ നിന്ന് 20 ശതമാനം അധിക വിലക്ക് വാങ്ങി 30% കുറഞ്ഞ വിലക്ക് പൊതുവിപണിയിൽ വിൽക്കും. ഒരേസമയം കർഷകർക്കും ലാഭം, വാങ്ങുന്നവർക്കും ലാഭം! 162 ഏക്കറിൽ ആണ് പച്ചക്കറിയും പൂക്കളും തൃത്താല മണ്ഡലത്തിലാകെ വിവിധ പഞ്ചായത്തുകളിലായി ഓണത്തിന് കൃഷി ചെയ്തത്.
വിഷുവിനും സമാനമായ കൃഷിയും കാർഷിക കാർണിവലും സംഘടിപ്പിച്ചിരുന്നു. അന്ന് 150 ഏക്കറിലായിരുന്നു കൃഷി. 12 ഏക്കറിൽ കൂടി കൃഷി വ്യാപിപ്പിക്കാൻ ഈ ഓണത്തിന് കഴിഞ്ഞു. വിളവെടുപ്പിനിടയിൽ ഒരു കർഷക കാരണവർ പറഞ്ഞു കൃഷി ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ സന്തോഷം അതിന്റെ വിളവെടുപ്പാണ് എന്ന്. അത് അക്ഷരം പ്രതി ശരിവെക്കുന്നതായിരുന്നു മൂളിപ്പറമ്പിലെ വിളവെടുപ്പ് ഉത്സവം. നിറഞ്ഞു നിൽക്കുന്ന പച്ചക്കറികളും പൂക്കളും ആരുടെയാണ് മനസ് നിറക്കാത്തത്! തൃത്താലയിൽ കാർഷിക സമൃദ്ധിയാണ് സുസ്ഥിര തൃത്താല സൃഷ്ടിച്ചിട്ടുള്ളത്. എം ബി രാജേഷ് കുറിച്ചു.









0 comments