ലോക്കപ് മർദനം : 4 പൊലീസുകാർക്ക് സസ്‌പെൻഷൻ

തൃശൂര്‍
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യുവാവിനെ മര്‍ദിച്ച നാലു പൊലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. തൃശൂർ റേഞ്ച് ഡിഐജി എസ് ഹരിശങ്കറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി രാജ്‌പാൽ മീണയാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. 2023ൽ കുന്നംകുളം പൊലീസ്‌റ്റേഷൻ ലോക്കപ്പിൽ നടന്ന മർദനത്തിലാണ് നടപടി. നിലവിൽ വിയ്യൂർ സ്‌റ്റേഷനിലെ എസ്‌ഐ ആയ നൂഹ്‌മാൻ, മണ്ണുത്തി സ്‌റ്റേഷനിലെ സിപിഒ എസ് സന്ദീപ്, തൃശൂർ ടൗൺ ഇൗസ്‌റ്റ് സ്‌റ്റേഷനിലെ സിപിഒമാരായ ശശിധരൻ, കെ ജെ സജീവൻ എന്നിവരെയാണ് പൊലീസ് ആക്ട് അനുസരിച്ച് സസ്‌പെൻഡ് ചെയ്‌തത്. നേരത്തെ കുറ്റാരോപിതരായ പൊലീസുകാരുടെ രണ്ടുവർഷത്തെ ശന്പള വർധന തടയുകയും സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു.
മർദനമേറ്റ സുജിത്തിന്റെ പരാതിയിൽ കുന്നംകുളം സിജെഎം കോടതി പൊലീസുകാർക്കെതിരെ ക്രിമിനൽ കേസ് ചുമത്തി. ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് നേരിടുന്ന സാഹചര്യത്തിൽ സ്വതന്ത്രവും നീതിപൂർവവുമായി വിചാരണ ഉറപ്പാക്കുന്നതിന് കുറ്റാരോപിതരെ സർവീസിൽനിന്ന് മാറ്റിനിർത്തുകയാണെന്ന് ഐജിയുടെ ഉത്തരവിൽ പറഞ്ഞു.
ലോക്കപ് മർദനത്തിന്റെ ദൃശ്യം പുറത്തുവന്ന സാഹചര്യത്തിൽ ഡിഐജിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തിനുശേഷം ആവശ്യമെങ്കിൽ സർവീസിൽനിന്ന് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ആരോപണവിധേയരായ നാലുപൊലീസുകാർക്കും അടുത്തയാഴ്‌ച കാരണംകാണിക്കൽ നോട്ടീസ് നൽകും.








0 comments