ഓപ്പറേഷൻ ‘വനരക്ഷ’ ; 2 റേഞ്ച് ഓഫീസർമാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം
സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ ‘ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അഴിമതിയും ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്ന് രണ്ട് റേഞ്ച് ഫോറസ്‌റ്റ് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്‌തു. വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ കെ നായർ, തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ഇ സിബി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
വിവിധ നിർമാണ പ്രവൃത്തികൾ, ട്രൈബൽ സെറ്റിൽമെന്റ് വികസന പ്രവർത്തനങ്ങൾ, എൻഒസി അനുവദിക്കൽ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിലും കരാർ അനുവദിക്കുന്നതിലും ക്രമക്കേടും അഴിമതിയും നടക്കുന്നുവെന്നും സർക്കാർ ഫണ്ട് ദുരുപയോഗിക്കുന്നുവെന്നും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. 71 റേഞ്ച് ഓഫീസുകളിലാണ് മിന്നൽ പരിശോധന നടത്തിയത്.
പെരിയാർ ഈസ്റ്റ് ഡിവിഷനിലെ തേക്കടി, വള്ളക്കടവ്, പെരിയാർ റേഞ്ചുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. വള്ളക്കടവ് റേഞ്ച് ഫോറസ്‌റ്റ് ഓഫീസറുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് കരാറുകാരൻ 72.80 ലക്ഷം-രൂപ നിക്ഷേപിച്ചിരുന്നു. റേഞ്ച് ഓഫീസറുടെ നിർദേശപ്രകാരം ഇടപ്പള്ളിയിലുള്ള ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് കരാറുകാരൻ 13,6500- രൂപ നൽകിയതായും കണ്ടെത്തി. തേക്കടി റേഞ്ച് ഓഫീസറുടെ വാട്‌സാപ് പരിശോധിച്ചതിൽ കരാറുകാരൻ ഇദ്ദേഹം നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ 31 ലക്ഷം -രൂപ നിക്ഷേപിച്ചതായി കണ്ടെത്തി. മറ്റ് രണ്ട് കരാറുകാരിൽനിന്ന് നേരിട്ടും ഇടനിലക്കാരിലൂടെയും യുപിഐ വഴിയും 1,95,000 രൂപയും കൈപ്പറ്റി. കോട്ടയം വൈൽഡ് ലൈഫ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ശുപാർശയെ തുടർന്ന് വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രനാണ് ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്.








0 comments