അതിജീവിതയെ അധിക്ഷേപിച്ച കേസ്: സന്ദീപ് വാര്യരുടെ മൂൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പീഡനത്തിന് ഇരയായ അതിജീവിതയുടെ തിരിച്ചറിയൽ വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസിൽ സന്ദീപ് വാര്യരുടെയും എഫ്ബി അക്കൗണ്ട് ഉടമ രഞ്ജിത പുളിക്കന്റെയും മുൻകൂർ ജാമ്യഹർജിയിൽ വെള്ളിയാഴ്ച വിധിപറയും. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ് നസീറ വ്യാഴാഴ്ച വാദംകേട്ടു. ഹർജിയിൽ അന്തിമ തീരുമാനം വരുന്നവരെ രണ്ടു പ്രതികളുടെയും അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.
ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമയായ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിതാ പുളിക്കനാണ് ഒന്നാം പ്രതി. സന്ദീപ് വാര്യർ നാലാം പ്രതിയുമാണ്. അഞ്ചാം പ്രതി രാഹുൽ ഈശ്വറാണ് ആദ്യം അറസ്റ്റിലായത്. അതിജീവിതയുടെ ചിത്രം സന്ദീപിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷം സന്ദീപ് ചിത്രം നീക്കം ചെയ്തത് ആസൂത്രിതമാണെന്നാണ് സംശയിക്കുന്നത്. പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് സൈബർ ടീമുകൾ സന്ദീപിന്റെ അക്കൗണ്ടിൽ കയറി ചിത്രം കൈക്കലാക്കി.
അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്, സന്ദിപ് വാര്യർ നാലാം പ്രതിയും, രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. ആറാം പ്രതി പാലക്കാട് സ്വദേശിയായ വ്ലോഗറാണ്.
ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.










0 comments