വ്യാജവോട്ട് മാത്രമല്ല, വാഹന നികുതിവെട്ടിപ്പ് കേസിലും സുരേഷ്‌ ഗോപി പ്രതി

suresh gopi

സുരേഷ്‌ ഗോപി

വെബ് ഡെസ്ക്

Published on Aug 14, 2025, 10:41 AM | 1 min read

തിരുവനന്തപുരം: തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വ്യാജവോട്ട്‌ ചേർത്തതിനുപുറമെ കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപിക്കെതിരെ ആഡംബര വാഹനനികുതി വെട്ടിച്ചതിനും ഹൈക്കോടതിയിൽ കേസ്‌. 2010, 2016 വർഷങ്ങളിൽ എറണാകുളത്തുനിന്ന്‌ വാങ്ങിയ രണ്ട് ആഡംബര കാറുകൾ പുതുച്ചേരിയിലെ വ്യാജ വിലാസം ഉപയോഗിച്ച് രജിസ്റ്റർ ചെയ്തതിലൂടെ കേരളത്തിൽ നൽകേണ്ട ഉയർന്ന നികുതി ഒഴിവാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്‌.


ഇതിലൂടെ 30 ലക്ഷം രൂപയുടെ നികുതിനഷ്ടം സംസ്ഥാനത്തിനുണ്ടായതായാണ്‌ ക്രൈം ബ്രാഞ്ച്‌ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്‌. കേസ്‌ റദ്ദാക്കാനാവശ്യപ്പെട്ട്‌ സുരേഷ്‌ ഗോപി നൽകിയ ഹർജി 2024 ഏപ്രിലിൽ എറണാകുളം എസിജെഎം കോടതി തള്ളിയിരുന്നു. കേസ് റദ്ദാക്കാനാവില്ലെന്നും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതിയിലാണ്‌.


മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർക്ക്‌ വിവരം കൈമാറി വി എസ്‌ സുനിൽകുമാർ


തിരുവനന്തപുരം: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ചേർത്ത കൃത്രിമ വോട്ടുകളുടെ വിവരം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയതായി എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന വി എസ്‌ സുനിൽകുമാർ. തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക നിലനില്‍ക്കുന്നതല്ലെന്നും ഫ്രോഡ് എന്ന നിലയില്‍ പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്‌. തൃശൂരിലെ വോട്ടർപട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അയച്ച കത്തിന്‌ മറുപടി നൽകിയശേഷം തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിയമം ലംഘിച്ച്‌ ബിജെപി പതിനായിരക്കണക്കിന് വോട്ടുകളാണ് വ്യാജമായി ചേര്‍ത്തത്. അടുത്ത ദിവസങ്ങളില്‍ കൂടുതൽ വിശദാംശങ്ങള്‍ പുറത്തുവരും. തൃശൂരില്‍ വ്യാഴാഴ്‌ച വാർത്താസമ്മേളനം നടത്തി വിവരങ്ങള്‍ പുറത്തുവിടും. കേന്ദ്ര തെരഞ്ഞെടുപ്പുകമീഷന്റെ സുതാര്യതയിൽ രാജ്യവ്യാപകമായി ആശങ്ക ഉയര്‍ന്നിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ സത്യസന്ധത വെളിപ്പെടുത്തേണ്ട ഉത്തരവാദിത്വം കമീഷനുണ്ട്.


തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തിന്റെ വേരറുക്കുകയാണ്‌. ബിജെപിയുടെ വോട്ട് കൃത്രിമത്തില്‍ നടത്തിയ പ്രതികരണത്തില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ നല്‍കിയ നോട്ടീസ് നിയമപ്രകാരമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home