print edition വയനാട് തുരങ്കപാത കേരളത്തിന്റെ ജീവനാഡി

ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി– -മേപ്പാടി തുരങ്കപാതയുടെ നിർമാണം തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ ഒത്താശയോടെ വയനാട് പ്രകൃതി സംരക്ഷണസമിതി നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണിതെന്നും വരുംകാല കേരളത്തിന്റെ ജീവനാഡിയായി തുരങ്കപാത മാറുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം തുരങ്കപാതയ്‌ക്ക് നൽകിയ പാരിസ്ഥിതിക അനുമതി യാന്ത്രികമാണെന്നും നിയമപ്രശ്‌നങ്ങളുണ്ടെന്നും ആരോപിച്ചായിരുന്നു അപ്പീൽ. ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നും നിർമാണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.
കോൺഗ്രസ് നൂൽപ്പുഴ മണ്ഡലം മുൻ പ്രസിഡന്റായ എൻ ബാദുഷയാണ് പ്രകൃതി സംരക്ഷണ സിമിതിയുടെ പേരിൽ അപ്പീൽ നൽകിയത്. പാരിസ്ഥിതിക വിലയിരുത്തൽ സംസ്ഥാന തലത്തിൽ നടത്തിയത് ചട്ടവിരുദ്ധമാണെന്ന് സമിതിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ഉന്നയിച്ച വാദങ്ങൾ ബെഞ്ച് തള്ളി. കടുത്ത വ്യവസ്ഥകളോടെയുള്ള അനുമതി കേവലം യാന്ത്രിക അനുമതിയല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
"എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട്. മണ്ണിടിച്ചിലിനെക്കുറിച്ച് ഞങ്ങൾക്കറിയാം. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണിത്. പാതകളിലെ തിരക്ക് നിങ്ങൾ കാണുന്നില്ലേ. ഭൂമിയുടെ കാര്യത്തിൽ സംസ്ഥാനത്തിന് പരിമിതിയുണ്ട്. അതുകൊണ്ടാണ് തുരങ്കം വേണമെന്ന് പറയുന്നത്'–ചീഫ് ജസ്റ്റിസ് പറഞ്ഞു. എല്ലാവശങ്ങളും ഹൈക്കോടതി പരിഗണിച്ചിട്ടുണ്ടെന്നും അപ്പീൽ തള്ളണമെന്നും സംസ്ഥാനത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകർ രഞ്ജിത് കുമാർ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ വി ഡി സതീശന്റെ പിന്തുണയോടെയാണ് കോടതിയെ സമീപിച്ച ബാദുഷ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാർഥി ഐ സി ബാലകൃഷ്‌ണന്റെ പ്രചാരണത്തിൽ സജീവമാണ്. തുരങ്കപാതയെ ശക്‌തിയായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ചിരുന്നു. സതീശന്റെ വികസന വിരുദ്ധതയ്‌ക്കേറ്റ തിരിച്ചടികൂടിയാണ് സുപ്രിംകോടതി വിധി.
നിർമാണത്തിന്റെ ഭാഗമായുള്ള ബ്ലാസ്റ്റിങ് മാർച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ടെ ആനക്കാംപൊയിലിൽ ഉദ്‌ഘാടനം ചെയ്‌തിരുന്നു. 8.11 കിലോമീറ്റർ ഇരട്ടത്തുരങ്കപാതയുടെ പാറതുരക്കൽ ഒരു മാസം പിന്നിട്ടു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽനിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക് വേഗമെത്താം. 2043 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്.










0 comments