print edition പരസ്യ പ്രതികരണവുമായി സണ്ണി ജോസഫ്; വകുപ്പ് വിഭജനത്തിലെ അതൃപ്‌തി പുകയുന്നു


സ്വന്തം ലേഖകൻ
Published on Aug 10, 2026, 01:30 AM | 1 min read
തിരുവനന്തപുരം: വൈദ്യുതി മന്ത്രിസ്ഥാനം തലയിൽ അടിച്ചുകയറ്റിയ കുരിശാണെന്ന സണ്ണി ജോസഫിന്റെ തുറന്നുപറച്ചിലോടെ പുറത്താകുന്നത് വകുപ്പ് വിഭജനത്തിലെ അതൃപ്‌തി.കെപിസിസി പ്രസിഡന്റുതന്നെ തനിക്ക് കിട്ടിയ വകുപ്പിനെക്കുറിച്ച് ഇഷ്‌ടക്കേട് പരസ്യമാക്കിയത് യുഡിഎഫിൽ ഞെട്ടലുണ്ടാക്കി. ഭരണത്തിലേറി മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ ഇരുട്ടിലാക്കിയത് മന്ത്രിയുടെ പിടിപ്പുകേടും നിരുത്തരവാദവുമെന്ന വിമർശം ശക്തമായിരിക്കെയാണ് സണ്ണി ജോസഫിന്റെ തുറന്നുപറച്ചിൽ.
മുഖ്യമന്ത്രിയാകാനും മന്ത്രിമാരാകാനും ആഴ്‌ചകൾ നീണ്ട പിടിവലിയാണ് ഉണ്ടായത്. കെ മുരളീധരന് വൈദ്യുതി വകുപ്പ് നൽകാനായിരുന്നു ആദ് ധാരണ. എതിര്‍പ്പ് അറിയിച്ച മുരളീധരന്‍ വൈദ്യുതി വകുപ്പാണ് ലഭിക്കുന്നതെങ്കില്‍ ചുമതല ഏല്‍ക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. മുരളീധരന്റെ സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ് നൽകണമെന്ന ആവശ്യത്തിന് വഴങ്ങിയാണ് ആരോഗ്യം, ദേവസ്വം വകുപ്പുകൾ നൽകിയത്. ഇതോടെ, ആരോഗ്യ വകുപ്പ് നഷ്‌ടപ്പെട്ട എ പി അനിൽ കുമാറിന്, സണ്ണി ജോസഫിന് നൽകാൻ തീരുമാനിച്ചിരുന്ന റവന്യു വകുപ്പ് നൽകി. അവസാനമാണ് സണ്ണി ജോസഫിന് വൈദ്യുതി വകുപ്പ് നൽകിയത്.
തീരദേശത്തെ പ്രശ്‌നങ്ങൾ അറിയുന്നവർ മന്ത്രിയാകണമെന്ന ആവശ്യം അവഗണിച്ചാണ് അബ-്ദുൾ ഗഫൂറിന് ഫിഷറീസ് വകുപ്പ് നൽകിയത്. അതിതീവ്ര മഴയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് കാര്യക്ഷമമായ പ്രവർത്തനം നടത്തേണ്ട മന്ത്രി വി ഇ അബ്ദുൽ ഗഫൂറിന് ഇൗ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാൻപോലും കഴിഞ്ഞില്ല. സമാനമായ അവസ്ഥയാണ് വൈദ്യുതി മേഖലയിലെ ആസൂത്രണത്തിലും ഉണ്ടായത്. പ്രതിസന്ധി മുന്നിൽക്കണ്ട് അടിയന്തര ഇടപെടൽ നടത്തുന്നത് പാളിയതോടെ സംസ്ഥാനം ഇരുട്ടിലായി. പ്രശ്‌ന പരിഹാരത്തിന് രാഷ്‌ട്രീയ തീരുമാനമെടുക്കാൻ വൈകിയതിൽ മന്ത്രിക്ക് കിട്ടിയ വകുപ്പിലുള്ള അതൃപ്‌തിയും കാരണമായെന്നാണ് പുതിയ പ്രതികരണം വ്യക്തമാക്കുന്നത്.










0 comments