ad
Deshabhimani

മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുനിയമനം

print edition അളിയന്റെ രാജി മറ്റ്‌ നിയമനങ്ങൾ
ചർച്ചയാകാതിരിക്കാൻ

Sunny Joseph
വെബ് ഡെസ്ക്

Published on Jun 10, 2026, 12:00 AM | 1 min read

കണ്ണൂർ: അളിയനെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയായി നിയമിച്ചത്‌ ആദ്യഘട്ടത്തിൽ ന്യായീകരിച്ച വൈദ്യുതിമന്ത്രി സണ്ണി ജോസഫ്‌ പിന്നീട്‌ പിൻവാങ്ങിയത്‌ സഹകരണ ബാങ്കുകളിലും മറ്റും നടത്തിയ കുടുതൽ ബന്ധുനിയമനങ്ങൾ ചർച്ചയാകാതിരിക്കാൻ. അളിയൻ ബെന്നി തോമസിനെ കൂടാതെ കുടുംബത്തിലെ മറ്റ്‌ ഒന്പതുപേർക്കാണ്‌ സണ്ണി ജോസഫിന്റെ സ്വാധീനത്തിൽ വിവിധ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചത്‌.


നിയമനങ്ങൾ നടന്ന കാലത്തുതന്നെ കോൺഗ്രസിനകത്തും പുറത്തും വിവാദമായതാണെങ്കിലും സണ്ണി ജോസഫ്‌ അതെല്ലാം ഒതുക്കി. കണ്ണൂരിലെ നേതാവായ കെ സുധാകരന്റെ പിന്തുണയിലാണ്‌ ബന്ധുനിയമനങ്ങൾ അധികവും നടത്തിയത്‌. അതിനായി കോൺഗ്രസ്‌ നേതാക്കൾതന്നെയായ ബാങ്ക്‌ ഡയറക്ടർമാരെ തട്ടിക്കൊണ്ടുപോയ സംഭവംവരെ അരങ്ങേറിയിരുന്നു. ഉളിക്കലിലെയും പേരാവൂരിലെയും സഹകരണ സ്ഥാപനങ്ങളിൽ സാധാരണ കോണഗ്രസ്‌ പ്രവർത്തകരെ തഴഞ്ഞ്‌ സണ്ണി ജോസഫിന്റെ ബന്ധുക്കളെ നിയമിച്ചു. കെ സി ജോസഫ്‌ മന്ത്രിയായിരുന്ന കാലത്ത്‌ സണ്ണിയുടെ സ്വന്തം ഡ്രൈവറെ മന്ത്രി ഓഫീസിൽ നിയമിച്ചതായി കാട്ടി സർക്കാർശന്പളവും വാങ്ങി നൽകി.


കെ സുധാകരനുമായി അകന്നതോടെയാണ്‌ സണ്ണി ജോസഫിന്റെ ഇത്തരം അവിഹിത ഇടപാടുകൾ വീണ്ടും വാർത്തയായത്‌. ഇത്തവണ നിയമസഭയിലേക്ക്‌ കെ സുധാകരന്‌ സ്ഥാനാർഥിത്വം നിഷേധിച്ചത്‌ കെപിസിസി പ്രസിഡന്റായ സണ്ണി ജോസഫിന്റെ ഇടപെടൽമൂലമാണെന്ന്‌ സുധാകരൻപക്ഷം കരുതുന്നു. കെ സുധാകരനെ സ്ഥാനാർഥിയാക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ സണ്ണി ജോസഫ്‌ ഹൈക്കമാൻഡിന്‌ എഴുതിയെന്നു പറയുന്ന കത്തും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


ഇപ്പോൾ മന്ത്രിയായതോടെ സണ്ണി ജോസഫ്‌ സംഘടനയിലും കണ്ണൂരിലെ പാർടിയിലും ശക്തനായത്‌ സുധാകരൻപക്ഷത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്‌. അങ്ങനെയാണ്‌ ബന്ധുനിയമനങ്ങൾ വീണ്ടും ചർച്ചയാക്കിയത്‌. പേഴ്‌സണൽ സ്‌റ്റാഫിൽനിന്ന്‌ അളിയനെ ഒഴിവാക്കാൻ സണ്ണി തയ്യാറായത്‌ ഇ‍ൗ ചർച്ച പടരുന്നത്‌ തടയാനാണ്‌. മുൻകാലത്ത്‌ ഇത്തരം നിയമനങ്ങളുടെപേരിൽ മന്ത്രിമാർക്ക്‌ രാജിവയ്‌ക്കേണ്ടി വന്നതും സണ്ണിയെ ഭയപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home