ഭായിമാർ പറയുന്നു; പണിക്ക് വരാം പക്ഷേ ഡിമാൻഡ് ഉണ്ട്

മഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്ത് സ്ഥാപിച്ച ബാനർ
മലപ്പുറം
തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി നാട്ടിൽപോയ ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തിത്തുടങ്ങിയതോടെ നിർമാണമേഖല സജീവമായെങ്കിലും പുതിയ ഡിമാൻഡിടുകയാണ് ഭായിമാർ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികളുടെ കൂലി വർധിപ്പിച്ച് ബോർഡുകൾവച്ചാണ് ഭായിമാർ തൊഴിൽതേടുന്നത്. പുതിയ ഡിമാൻഡുകൾ തൊഴിൽ മേഖലയിൽ വീണ്ടും പ്രതിസന്ധിയാവുകയാണ്. ജില്ലയിൽ മഞ്ചേരി, ചട്ടിപ്പറമ്പ്, പെരിന്തൽമണ്ണ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇത്തരത്തിൽ ഫ്ലക്സ് ബോർഡുകളും ബാനറുകളും വച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന മേഖലകളിലും താമസിക്കുന്ന ക്വാർട്ടേഴ്‌സുകൾക്കുമുന്നിലുമായാണ് ഇത്തരത്തിൽ തൊഴിലാളികളുടെ വർധിപ്പിച്ച പ്രതിദിന കൂലി കാണിച്ച് ബോർഡുകൾ സ്ഥാപിച്ചത്. ഹിന്ദിയിലും മലയാളത്തിലും എഴുതിയാണ് ബോർഡുകളുള്ളത്. ബോർഡുകൾ സ്ഥാപിച്ചതിനെതിരെ പലയിടത്തും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. മഞ്ചേരിയിൽ സ്ഥാപിച്ച ബാനർ നാട്ടുകാർ മാറ്റിയിരുന്നു. കൂടാതെ പ്രതികരണ കൂട്ടായ്‌മ ‘പൊതുജന ശ്രദ്ധയ്ക്ക്’ എന്ന രീതിയിൽ നോട്ടീസും ഇറക്കിയിരുന്നു. കൺസ്‌ട്രക്‌ഷൻ മേഖലയിലടക്കം ഇതരസംസ്ഥാന തൊഴിലാളികളാണ് ഭൂരിഭാഗവും. ഇവർ തെരഞ്ഞെടുപ്പിന് നാട്ടിലേക്ക് മടങ്ങിയതോടെ പൊതുവെ പ്രതിസന്ധി ഉടലെടുത്തിരുന്നു. ഹോട്ടലുകളടക്കമുള്ള തൊഴിൽ മേഖലകളിലും സമാനമായിരുന്നു സ്ഥിതി. നാട്ടിലെ തൊഴിലാളികളേക്കാൾ കൂലിക്കുറവാണ് എല്ലാ മേഖലയിലേക്കും ഇവരെ ഉപയോഗപ്പെടുത്തുന്നതിന് കാരണമായത്. പ്രാദേശികമായി തൊഴിലാളികളെ കിട്ടാത്തതും കാരണമായി. എന്നാലിപ്പോൾ നാട്ടിലെ തൊഴിലാളികൾക്ക് സമാനമായ കൂലിതന്നെ ഡിമാൻഡ് ചെയ്യുകയാണ് ഭായിമാരും.









0 comments