ഒതുക്കാനല്ല, മെരുക്കാനാണ് നോക്കുന്നത്; അൻവറിന് മറുപടിയുമായി സണ്ണി ജോസഫ്

കണ്ണൂർ: യുഡിഎഫ് ചെയർമാൻ തന്നെ ഒതുക്കാൻ ശ്രമം നടക്കുകയാണെന്ന പി വി അൻവറിന്റെ ആരോണത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ആരെയും ഒതുക്കാനല്ല മെരുക്കാനാണ് ശ്രമിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. നാളെ അൻവറിന്റെ പാർടി നടത്തുന്ന യോഗത്തിന്റെ തീരുമാനമാണ് കാത്തിരിക്കുന്നതെന്നും കെ സി വേണുഗോപാലുമായി ചർച്ചയ്ക്ക് വഴിയൊരുക്കിയതിനെ കുറിച്ച് അറിയില്ല, കെ സി തിരക്കിട്ട പരിപാടിയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗൂഢലക്ഷ്യങ്ങളുണ്ടെന്ന അൻവറിന്റെ പ്രസ്താവനയോട് വി ഡി സതീശൻ പ്രതികരിച്ചില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമോ ഇല്ലയോ എന്നതിൽ പി വി അൻവർ തീരുമാനം പറയട്ടെയെന്നും മുന്നണി നേതൃത്വത്തിലുള്ള ആളായതുകൊണ്ടായിരിക്കും തന്നെ കടന്നാക്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. കെ സി വേണുഗോപാലുമായി കോഴിക്കോട്ട് തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച മുടക്കിയെന്ന അൻവറിന്റെ ആരോപണത്തോടും സതീശൻ പ്രതികരിച്ചില്ല.
താനുമായുള്ള ചർച്ച കെ സി വേണുഗോപാൽ വേണ്ടെന്ന് വച്ചത് സതീശൻ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്നും തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയർമാൻ ശ്രമിക്കുന്നെന്നുമാണ് പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞത്.
'കുഞ്ഞാലിക്കുട്ടി ഇടപെട്ട് കെ സി വേണുഗോപാൽ സമ്മതിച്ചാണ് കൂടിക്കാഴ്ചയ്ക്കായി താൻ കോഴിക്കോടെത്തിയത്. വൈകുന്നേരം അഞ്ച് മണി മുതൽ 7.45 വരെ കോഴിക്കോട് ടൗണിലുണ്ടായിരുന്നു. എന്നാൽ അവസാനം തിരക്കുണ്ടെന്ന് പറഞ്ഞ് കെ സി വേണുഗോപാൽ പിന്മാറി. അൻവറുമായി സംസാരിച്ചാൽ താൻ രാജിവയ്ക്കുമെന്നും പറവൂരിലേക്ക് തിരികെ പോകുമെന്നും വി ഡി സതീശൻ കെസി വേണുഗോപാലിനെ ഭീഷണിപ്പെടുത്തി. അതു കൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയത്. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വി ഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നത്. അത് തന്നെ കൊല്ലാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ആ ചതിക്കുഴിയിൽ വീഴാൻ താനില്ല'- മാധ്യമങ്ങളോട് പി വി അൻവർ പറഞ്ഞു.









0 comments