print edition ഡൽഹിയിലെത്തി സണ്ണി ജോസഫ്; നേതൃത്വം ഇടപെടണം

സണ്ണി ജോസഫ്

സ്വന്തം ലേഖകൻ
Published on Nov 28, 2026, 12:25 AM | 1 min read
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് തമ്മിലടിക്കിടെ ഡൽഹിയിൽ എഐസിസി നേതൃത്വവുമായി ചർച്ച നടത്തി കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരെ കണ്ട സണ്ണി പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. കോൺഗ്രസ് നേതാക്കളുടെ തമ്മിലടിയിലും തർക്കത്തിലും നേതൃത്വം ഇടപെടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
വിശ്വസ്‌തനായ ഒരാളെ നിയോഗിക്കണമെന്ന കെ സി വേണുഗോപാലിന്റെ നിർബന്ധമാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വൈകിപ്പിക്കുന്നത് എന്ന വിവരമുണ്ട്.
ഷാഫി പറന്പിലിനെതിരെ രാജ്‌മോഹനെ ഉണ്ണിത്താനെ ഇറക്കിയത് വി ഡി സതീശനാണെന്ന കെ സി പക്ഷത്തിന്റെ പരാതി സണ്ണി ജോസഫ് ഖാർഗെയെ അറിയിച്ചു. അതേസമയം, മന്ത്രിസഭായോഗ വിവരങ്ങൾ പുറത്തുവിട്ടത് വേണുഗോപാലും കൂട്ടരുമാണെന്ന സതീശന്റെ പരാതിയും സണ്ണിയിലൂടെ ഖാർഗെയുടെ കാതിലെത്തിയിട്ടുണ്ട്. രാഷ്‌ട്രീയ നിയമനങ്ങളിലെ വൈകൽ, പത്മജ വേണുഗോപാലിനെ തിരിച്ചെടുക്കൽ എന്നിവ സംബന്ധിച്ചും സംസാരിച്ചു. സണ്ണി ജോസഫിനൊപ്പം കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയും ഖാർഗെയെ കണ്ടു. കേരളത്തിലെ വിഷയം സങ്കീർണമാണെന്നാണ് ദീപദാസ് എഐസിസി അധ്യക്ഷനോട് പറഞ്ഞത്. വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് സണ്ണി ജോസഫ് ഡൽഹിയിൽ എത്തിയതെങ്കിലും കോൺഗ്രസ് തർക്കം പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന.








0 comments