ad
Deshabhimani

print edition തിരിച്ചും 
മറിച്ചും 
കൂട്ടി ; കനുഗോലുവിന്റെ കണക്കിൽ കുഴങ്ങി നേതാക്കൾ

sunil kanugolu
avatar
ഒ വി സുരേഷ്‌

Published on Jan 06, 2026, 03:00 AM | 2 min read


തിരുവനന്തപുരം

ബത്തേരി ക്യാമ്പിൽ തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ 80 സീറ്റുകൾ എന്ന വാഗ്‌ദാനം മനക്കോട്ടയെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ. യുഡിഎഫിന്‌ ഏറ്റവുമധികം സീറ്റുകിട്ടിയ 2001ൽപോലുമില്ലാത്ത മണ്ഡലങ്ങൾവരെ ഇക്കുറി കിട്ടുമെന്നു പറഞ്ഞാൽ, അതിനുള്ള സാഹചര്യം ഇല്ല എന്ന്‌ നേതാക്കൾ തന്നെ പറയുന്നു. മുസ്ലിംലീഗിന്റെ ചില സീറ്റുകൾ ഏറ്റെടുക്കണമെന്ന നിർദേശം അവരെയും ചൊടിപ്പിച്ചിട്ടുണ്ട്‌.


തദ്ദേശ വിജയം നിയമസഭയിൽ ആവർത്തിക്കുമെങ്കിൽ 2011ൽ യുഡിഎഫ്‌ 88 ൽ കൂടുതൽ സീറ്റ്‌ നേടിയേനെ. ഇപ്പോഴത്തെ തെരഞ്ഞെടുപ്പിലും എൽഡിഎഫ്‌ പിന്നോട്ടുപോയ തെരഞ്ഞെടുപ്പായിരുന്നു 2010ലെ തദ്ദേശം . ആറ്‌ ജില്ലാ പഞ്ചായത്തുകൾ മാത്രമായിരുന്നു. ബ്ലോക്കുകൾ 91 യുഡിഎഫിനും 59 എൽഡിഎഫിനും. ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ്‌ 601, എൽഡിഎഫ്‌ 360. മുനിസിപ്പാലിറ്റികളിൽ യുഡിഎഫിന്‌ 41 ഉം എൽഡിഎഫിന്‌ 17ഉം. 2011ൽ നിയമസഭയിലേക്ക്‌ യുഡിഎഫ്‌ 88 സീറ്റു നേടുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. ഫലം വന്നപ്പോൾ 72ൽ ഒതുങ്ങി. 500ൽ താഴെ വോട്ടിനു പരാജയപ്പെട്ട രണ്ട്‌ മണ്ഡലങ്ങളിലേയും ആയിരത്തിൽ താഴെ വോട്ടിന്‌ നഷ്ടപ്പെട്ട നാലിടത്തേയും ഫലം മാറിയിരുന്നെങ്കിൽ യുഡിഎഫ്‌ അത്തവണയും പ്രതിപക്ഷത്താകുമായിരുന്നു. 2015ൽ എൽഡിഎഫിന്‌ ഏഴ്‌ ജില്ലാ പഞ്ചായത്തുകൾ മാത്രം. എന്നിട്ടും 2016ൽ നിയമസഭയിൽ 91 സീറ്റുകളോടെ എൽഡിഎഫ്‌ അധികാരത്തിൽ. 2021ൽ 99 സീറ്റാക്കി തുടർഭരണം. ലോക്‌സഭാ ഫലമനുസരിച്ചാണേൽ എൽഡിഎഫിന്‌ തുടർച്ചയായ തോൽവിയാകും.


കനുഗോലു റിപ്പോർട്ടിൽ മലപ്പുറത്തും പത്തനംതിട്ടയിലും എൽഡിഎഫിന്‌ സീറ്റില്ല. അത്‌ വെറുതേയാണെന്ന്‌ നേതാക്കൾക്കുതന്നെയറിയാം. കണ്ണൂരിൽ 14ൽ നാലുമാത്രമേ യുഡിഎഫ്‌ പ്രതീക്ഷിക്കുന്നുള്ളുവത്രെ. യുഡിഎഫിന്‌ 99 സീറ്റു കിട്ടിയ 2001ൽ പോലും കണ്ണുരിൽ മൂന്നിനപ്പുറം കടന്നിട്ടില്ല. കോഴിക്കോട് 13-ൽ എട്ട്‌, തിരുവനന്തപുരത്ത്‌ 14-ൽ നാല്‌ എന്നിങ്ങനെയാണ്‌ കനുഗോലു നൽകിയ വാഗ്‌ദാനം. സർക്കാർ വിരുദ്ധവികാരമില്ലെന്ന്‌ കനുഗോലു തന്നെ നേരത്തെ കോൺഗ്രസിന്‌ റിപ്പോർട്ടുനൽകിയിരുന്നു. അതിനാലാണ്‌ വ്യാജപ്രചാരണങ്ങളിലേക്ക്‌ കടന്നത്‌.


വീട്‌ നിർമാണത്തിൽ തീയതി പറയാനാകില്ല

ദുരന്ത ഇരകളെ വഞ്ചിച്ച്‌ കെപിസിസി ക്യാമ്പിന്‌ സമാപനം

കേരളംകണ്ട മഹാദുരന്തത്തിന്റെ ഇരകൾക്കുനേരെയുള്ള വഞ്ചന ആവർത്തിച്ച്‌ കെപിസിസി നേതൃക്യാമ്പ് സമാപിച്ചു. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിനുശേഷം വയനാട്ടിൽ ചേർന്ന ആദ്യനേതൃയോഗത്തിലും ജനങ്ങളിൽനിന്ന്‌ പിരിച്ച പണംകൊണ്ടുള്ള പുനരധിവാസം ചർച്ചപോലും ചെയ്തില്ല. കോൺഗ്രസ്‌ വീട്‌ നിർമാണത്തിൽ കട്ട്‌ ഓഫ്‌ ഡേറ്റ്‌ പറയാനാകില്ല എന്നായിരുന്നു ക്യാന്പിന്റെ അവസാനം കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌.


പിരിച്ച തുക സംബന്ധിച്ചും സ്ഥലത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കും പതിവ്‌ ഒഴിഞ്ഞുമാറലായിരുന്നു. തുക തിരുവനന്തപുരത്ത്‌ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഷാഫി പറന്പിലിന്റെ മറുപടി.


മാധ്യമങ്ങളുടെ കൊട്ടിഘോഷവും നേതാക്കളുടെ വാക്‌ കസർത്തുമല്ലാതെ രണ്ടുദിവസത്തെ ക്യാന്പിൽ കാര്യമായ ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ ലഭിച്ച മുൻതൂക്കത്തിന്റെ ഹാങ്ങോവറിലാണ്‌ നേതാക്കൾ. നിയമസഭ മണ്ഡലം തിരിച്ചുള്ള ചർച്ച ഉണ്ടായില്ലെന്നും പലകാര്യങ്ങളും ഹൈക്കമാൻഡാണ്‌ തീരുമാനിക്കേണ്ടതെന്നും കെപിസിസി വർക്കിങ്‌ പ്രസിഡന്റ്‌ പി സി വിഷ്‌ണുനാഥ്‌ തുറന്നുപറഞ്ഞു. ഉത്തരമേഖല, മധ്യമേഖല, ദക്ഷിണമേഖല എന്നിങ്ങനെ തിരിഞ്ഞ്‌ നടത്തിയ ചർച്ചയും തദ്ദേശ തെരഞ്ഞെടുപ്പിൽ ഒതുങ്ങി.


158 അംഗങ്ങളാണ്‌ പങ്കെടുത്തത്‌. ഭൂരിഭാഗവും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുള്ളവരായിരുന്നു. ഇതിന്റെ സാധ്യതാ പരിശോധനയാണ്‌ പലരും നടത്തിയത്‌.

ഞായർ രാത്രി ചേർന്ന രാഷ്‌ട്രീയകാര്യ സമിതിയിൽ നേതാക്കളുടെ അവകാശവാദങ്ങൾ കന‍ുഗോലു തള്ളി. നിയമസഭാ തെരഞ്ഞെടുപ്പിൽ 80 സീറ്റിൽവരെ സാധ്യതയുണ്ടെന്നേയുള്ളൂ എന്നും വിജയം ഉറപ്പിക്കാനാകില്ലെന്നുമാണ്‌ കനുഗോലുവിന്റെ റിപ്പോർട്ട്‌. നിലവിലെ എംഎൽഎമാരിൽ പലരും മാറണമെന്ന നിർദേശവുംവച്ചു. ഇത്‌ എംഎൽഎമാരെ നടുക്കി. കെ സി വേണുഗോപാലിന്റെ ഇഷ്ടക്കാരെ മത്സരിപ്പിക്കാനുള്ള തന്ത്രമായാണ്‌ എംഎൽഎമാർ ഇതിനെ കണ്ടത്‌. ശശി തരൂർ വിഷയത്തിൽ മഞ്ഞുരുകിയെന്ന പ്രതീതി ജനിപ്പിക്കാനായിരുന്നു ശ്രമം. ഗാന്ധി കുടുംബത്തിനെതിരെ സംസാരിച്ച തരൂരിനെതിരെ ഒരുവികാരവും ക്യാന്പിലുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ സജീവമായുണ്ടാകുമെന്നും തരൂർ പറഞ്ഞു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ അവതരിപ്പിച്ച വിഷൻ 2026 റിപ്പോർട്ട്‌ പ്രവർത്തന പരിപാടികളിൽ ഒതുങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home