print edition നേതാക്കൾ മൂലയ്‌ക്ക് ; കനുഗോലു നിയന്ത്രിക്കും

തിരുവനന്തപുരം
കെപിസിസിയുടെ നയങ്ങളും പ്രവർത്തനങ്ങളും മുതൽ സ്ഥാനാർഥി നിർണയവും കമ്മിറ്റികളിൽ ആരൊക്കെ അംഗങ്ങളാകണമെന്നതുമുൾപ്പെടെ തീരുമാനിക്കുന്നത് പിആർ ടീം. രാഷ്‌ട്രീയകാര്യസമിതി യോഗത്തിൽ പങ്കെടുക്കാൻവരെ അധികാരമുള്ള സുനിൽ കനുഗോലുവിന്റെ നിയന്ത്രണത്തിലാണ് കെപിസിസി. കനുഗോലുവിനെ നിയന്ത്രിക്കുന്നതാകട്ടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും. കാലങ്ങളുടെ അനുഭവസമ്പത്തുള്ള നേതാക്കളെ മൂലയ്‌ക്കിരുത്തിയാണ് കനുഗോലുവിനെ കുടിയിരുത്തിയത്.
കനുഗോലു തയ്യാറാക്കിയ റിപ്പോർട്ടാണ് ബത്തേരിയിൽ നടന്ന സംസ്ഥാന നേതൃക്യാമ്പിൽ അവതരിപ്പിച്ചതും. കെ സി വേണുഗോപാലിന്റെ താൽപ്പര്യങ്ങളാണ് തെരഞ്ഞെടുപ്പ് തന്ത്രമായി വന്നത്. പതിറ്റാണ്ടുകളുടെ അനുഭവമുള്ള മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ അവഗണിച്ചാണ് പിആർ ടീമിന് പാർടിയെ അടിയറ വെക്കുന്നത്.
സാധാരണനിലയിൽ രാഷ്‌ട്രീയപാർടികളുടെ പ്രവർത്തനങ്ങളും തെരഞ്ഞെടുപ്പു തന്ത്രങ്ങളുമെല്ലാം രൂപപ്പെടുത്തുന്നത് നേതാക്കളുൾപ്പെടുന്ന കമ്മിറ്റികളാണ്. എന്നാൽ, അടുത്തകാലത്തായി കോൺഗ്രസിൽ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഇവന്റ് മാനേജ്‌മെന്റ്, പിആർ ടീമുകളാണ്. രാഷ്‌ട്രീയപ്രവർത്തനം സമ്മാനം നേടാനുള്ള പ്രവർത്തനമല്ല എന്നിരിക്കെ വോട്ട് പിടിക്കുന്നയാൾക്ക് സമ്മാനം നൽകുമെന്ന കനുഗോലു നിർദേശം പ്രവർത്തകരെയും വോട്ടർമാരെയും പരിഹസിക്കലാണ്. ‘വിറ്റഴിക്കൽ കൂട്ടിയാൽ സമ്മാനം നൽകുന്നതുപോലെ’ എന്നാണ് മുതിർന്ന ഒരു നേതാവ് പ്രതികരിച്ചത്.
2023 മുതൽ കനുഗോലു കെപിസിസിയുടെ ഉപദേശകനാണ്. അതിനുമുമ്പ് ഏറെക്കാലം ബിജെപിയുടെ ഉപദേശകനായിരുന്നു. 2013ൽ പ്രശാന്ത് കിഷോറിന്റെ ‘സിറ്റിസൺസ് ഫോർ അക്കൗണ്ടബിൾ ഗവേണൻസ്’ (സിഎജി) സംഘാംഗമായാണ് കനുഗോലുവിന്റെ വരവ്. മോദിയെ ശക്തനായ നേതാവെന്ന് അവതരിപ്പിക്കലായിരുന്നു ലക്ഷ്യം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ വ്യക്തിഹത്യചെയ്യാനും സംഘം നേതൃത്വം നൽകി. അതേ കനുഗോലുവാണ് കേരളത്തിലെ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്.










0 comments