സർവെ ചിലരുടെ താൽപ്പര്യപ്രകാരം: ചെന്നിത്തല
print edition കനുഗോലു സർവേകൾ ‘ക്യൂ’വിൽ ; ഏറ്റെടുക്കാതെ മറ്റ് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം
വർഗീയ കൂട്ടുകെട്ടുകൊണ്ടും മാധ്യമങ്ങളുടെ കൈയയച്ച സഹായംകൊണ്ടും ജനവികാരം അട്ടിമറിക്കാൻ ശ്രമിച്ച് തട്ടിക്കൂട്ട് സർവെ ഫലങ്ങൾ പുറത്തുവിട്ടുതുടങ്ങിയെങ്കിലും കോൺഗ്രസ് നേതാക്കൾപോലും അംഗീകരിക്കുന്നില്ല. ‘ ഓരോരുത്തരുടെ സൗകര്യത്തിന് ഉണ്ടാക്കുന്ന സർവെ’ എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനാണ് കൂടുതൽ പിന്തുണ എന്നുമാണ് ഇഅദാനി – എന്‍ഡിടിവി അഭിപ്രായ സർവെ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം എൽഡിഎഫിന് കിട്ടാത്തപ്പോഴും ഭരണവിരുദ്ധവികാരമില്ലെന്നും 64 സീറ്റിൽ ഭൂരിപക്ഷം എൽഡിഎഫിനുണ്ടെന്നുമാണ് യുഡിഎഫ് പത്രം കണക്കെടുത്ത് തെളിയിച്ചത്. പത്ത് സീറ്റിൽ നേരിയ വോട്ട് വ്യത്യാസമേ ഉള്ളുവെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ഇൗ സാഹചര്യം മറികടന്ന് കോൺഗ്രസിൽ താനാണ് മുന്നിൽ എന്ന് സ്ഥാപിക്കലാണ് സതീശന്റെ ലക്ഷ്യം.
അതേസമയം, കോൺഗ്രസിലെ ഗ്രൂപ്പിസം പ്രധാന വിഷയമാണെന്ന് 42 ശതമാനം പേർ പറഞ്ഞുവെന്നത് പല മാധ്യമങ്ങളും മുക്കി. ചിലരുടെ തൽപര്യം സംരക്ഷിക്കാനുള്ള സർവെയാണിതെന്ന് ചോദ്യങ്ങളും ഒഴിവാക്കിയ കോൺഗ്രസ് നേതാക്കളുടെ പേരും തെളിയിക്കുന്നു. ഇത്രയൊക്കെ ചെയ്തിട്ടും സിപിഐ എം മുഖ്യമന്ത്രി മതി എന്ന് സമ്മതിക്കുന്നവരാണ് സർവെയിൽ പങ്കെടുത്തവരിൽ ബഹുഭൂരിപക്ഷവും.
സർവെയിലെ കുതന്ത്രം സതീശനെ എങ്ങനെ ഉയർത്തിക്കാണിക്കാം എന്നതാണ്. ആര് മുഖ്യമന്ത്രിയാകണമെന്ന ചോദ്യത്തിൽ എൽഡിഎഫിന് രണ്ട് പ്രധാന നേതാക്കളുടെ പേരാണ് സർവെയിൽ കൊടുത്തത്.
കോൺഗ്രസിൽനിന്ന് സതീശനോടൊപ്പം കോൺഗ്രസുകാരുടെ പരിഗണനയിലില്ലാത്ത ശശി തരൂരിനെ വച്ചു. ബിജെപിക്കുവേണ്ടി പേര് രാജീവ് ചന്ദ്രശേേഖറിന്റെ പേര് മാത്രം നൽകി.
ഗൾഫ് രാജ്യങ്ങളിൽ രജിസ്‌ട്രേഷനുള്ളവയടക്കം വിവിധ ഏജൻസികളുമായി ചേർന്ന് 11 പോൾ സർവെകൾ യുഡിഎഫിനായി തയ്യാറാകുന്നതായാണ് വിവരം. യുഡിഎഫിനെ അനുകൂലിക്കുന്ന പരമ്പരാഗത മാധ്യമങ്ങളും ഭരണവിരുദ്ധവികാരവും വ്യാജമായി സൃഷ്ടിക്കാൻ കണക്കുകളുമായി അണിയറയിൽ ഒരുക്കം തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഇത്തരം സർവെകളുടെ ഘോഷയാത്ര തന്നെയുണ്ടാകും.
ഇല്ലാത്ത ജനപ്രീതി ഉണ്ടാക്കാനും സർവെ
ഇല്ലാത്ത ജയപ്രതീതി സൃഷ്ടിച്ച് വോട്ടർമാരെ വരുതിക്കുവരുത്തുക ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് സമയത്ത് സർവെകൾ പതിവ്. എന്നാൽ, ഒരു ഘട്ടത്തിലും ജനമനസ് ഇളക്കാൻ ഇവയ്‌ക്ക് കഴിഞ്ഞില്ലെന്നതും ചരിത്രം. രാഷ്ട്രീയ പാർടികൾ വിലക്കെടുക്കുന്ന സ്ഥാപനങ്ങളും ആ പാർടികളുടെ മുഖപത്രവും ഔദ്യോഗിക ജിഹ്വയുമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളും ചേർന്നാണ് പലപ്പോഴും സർവെ അഭ്യാസം.
2021
എൽഡിഎഫ് തരംഗം– ഒരു സർവെയും പ്രവചിച്ചില്ല
ബിജെപി ക്ക് 3 സീറ്റെന്ന് സർവെ– ഒന്നും കിട്ടിയില്ല
പരാജയപ്പെടുമെന്ന് പ്രവചിച്ച 31 മണ്ഡലങ്ങളിലും എൽഡിഎഫിന് മിന്നുംജയം. തോൽക്കുന്നവരുടെ പട്ടികയിൽ മുന്നിൽ ഉടുമ്പൻചോല; ഫലം വന്നപ്പോൾ എം എം മണിക്ക് ഭൂരിപക്ഷം– 38,000.
യുഡിഎഫിന് മേൽക്കൈയും എൽഡിഎഫിന് നേരിയ മുൻതൂക്കവും പറഞ്ഞവരുമുണ്ടെങ്കിലും ഫലം വന്നപ്പോൾ യുഡിഎഫിനേക്കാൾ 24 ലക്ഷം വോട്ട് എൽഡിഎഫിന് അധികം ലഭിച്ചു, ആകെ 99 സീറ്റും.
ഭേദപ്പെട്ട സർവെ എന്ന് പലരും വിശേഷിപ്പിച്ച ലോക്‌നീതി റിപ്പോർട്ടിൽപോലും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനപ്രീതി കണക്കാക്കിയത് തെറ്റി.
2016
സർവേകളിൽ എൽഡിഎഫിന് മോശം ഫലം. യുഡിഎഫിനെ നേരിടാൻ എൽഡിഎഫിന് പ്രാപ്തിയില്ലാതായെന്ന് യുഡിഎഫ് മാധ്യമങ്ങളുടെ ലീഡ് വാർത്തകളും വന്നു. 91 സീറ്റും 43.5 ശതമാനം വോട്ടും നേടി എൽഡിഎഫിന് മിന്നുംജയം. ആരും പ്രവചിക്കാത്ത ഫലം.
2011
കോഴിക്കോട് ജില്ലയിൽ യുഡിഎഫിനെ മുന്നിലെത്തിക്കാൻ മനോരമ മറ്റൊരു വേലകൂടി ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നത്തെ വാർത്തയിൽ പറഞ്ഞത്, ‘തുടക്കത്തിൽ പിന്നിലായതിന്റെ കേടുതീർത്ത് അഭിപ്രായ സർവെയിലും ഇന്റലിജൻസ് റിപ്പോർട്ടിലും മുന്നിലെത്തിയത് യുഡിഎഫിന് ഗുണം ചെയ്തു’ എന്നാണ്. സർവെ എന്തിന് ഉപയോഗിക്കുന്നുവെന്ന് വ്യക്തം. പക്ഷെ, അന്ന് കോഴിക്കോട് 13ൽ 11 ഉം എൽഡിഎഫ് വിജയിച്ചു.
സർവെ ചിലരുടെ താൽപ്പര്യപ്രകാരം: ചെന്നിത്തല
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഉയർത്തിക്കാട്ടുന്ന എൻഡിടിവി സര്‍വെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചിലരുടെ താൽപ്പര്യം സംരക്ഷിക്കാൻ നടത്തുന്ന സർവെ മാത്രമാണിവ. ഒരു പണിയുമില്ലാത്തവരാണ് സര്‍വെ നടത്തുന്നത്. പാര്‍ടിയല്ല. തന്റെ പേര് അതിൽ വരാത്തതിൽ സന്തോഷമേയുള്ളുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല കൂട്ടിച്ചേർത്തു.
കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി വി ഡി സതീശനെയാണ് തെരഞ്ഞെടുത്തതെന്നും കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നുമാണ് അദാനി – എൻഡിടിവി ഒരു ഏജൻസിയുമായി ചേർന്ന് നടത്തിയ സർവെയിൽ പറയുന്നത്.










0 comments