വേനൽ മഴയിൽ വടക്കൻ കേരളത്തിൽ വ്യാപകനാശം; മലപ്പുറത്ത് ഒരുമരണം

ചാത്തോത്തറ മേക്കയിൽ രവീന്ദ്രന്റെ വീടിന് മുകളിലേക്ക് വലിയ പ്ലാവ് വീണ്, വീട് തകർന്ന നിലയിൽ
കോഴിക്കോട്: സംസ്ഥാനത്ത് പലയിടങ്ങളിലായി ശനിയാഴ്‌ച തിമിർത്തുപെയ്‌ത വേനൽ മഴയിൽ വ്യാപക നാശവും. മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകിയും വാഴകൾ നിലംപൊത്തിയുമാണ് ഏറെയും നഷ്ടം. മരം വീണ് വൈദ്യുതിത്തൂണുകൾക്കും കേടുപാടുണ്ടായി.
എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി(65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടയിലായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പയ്യനാട് പിലാക്കൽ, പുഴങ്കാവ് വീടുകളും ഭാഗികമായി തകർന്നു. മേഖലയിൽ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തോളം വാഴകളും നശിച്ചു. മഞ്ചേരി നഗരത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും തകര്‍ന്നു വീണു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടുകളും ബോര്‍ഡുകളും നിലംപൊത്തി. മരങ്ങള്‍ കടപുഴകി വീണും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീണും ഗതാഗത തടസ്സവും വൈദ്യുതി വിതരണ തടസ്സവും നേരിട്ടു. മണിക്കൂറോളം തിമിര്‍ത്തു പെയ്ത മഴ പലയിടങ്ങളിലും വെള്ളക്കെട്ടുകളുണ്ടാക്കി.
കോഴിക്കോട് മാവൂരിൽ മരം വീണ് മൂന്ന് വീടുകൾ തകർന്നു. ഒളവണ്ണയിലും വീടിന് നാശനഷ്ടമുണ്ടായി. ചാത്തോത്തറ മേക്കയിൽ രവീന്ദ്രന്റെ വീടിന് മുകളിലേക്കാണ് പ്ലാവ് വീണത്. വീട് പൂർണമായും തകർന്നു. ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. തലനാരിഴക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. തിരുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയുടെ മുകളിൽ മരം വീണു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.










0 comments