കുടുക്കിയത്‌ വാട്ട്‌സാപ്പിലെ ഫോട്ടോ

ഹൈബ്രിഡ്‌ കഞ്ചാവ്‌ എത്തിച്ചത്‌ സുൽത്താൻ; വിലങ്ങുവീണത്‌ തായ്‌ലൻഡിലേക്ക്‌ കടക്കാൻ ഒരുങ്ങുന്നതിനിടെ

hybrid ganja alappuzha
വെബ് ഡെസ്ക്

Published on Apr 09, 2025, 03:15 PM | 2 min read

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തമിഴ്നാട് സ്വദേശി സുൽത്താൻ അക്ബർ അലി (43) ആണ് മലേഷ്യയിൽ നിന്ന്‌ കഞ്ചാവ്‌ എത്തിച്ചതെന്ന് എക്‌സൈസ്‌. ആലപ്പുഴ ഓമനപ്പുഴയിൽ രണ്ട്‌ കോടി വിലവരുന്ന മൂന്ന്‌ കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും നേരത്തെ പിടിയിലായിരുന്നു. അറസ്റ്റിലായ കണ്ണൂർ സ്വദേശിനി തസ്​ലിമ സുൽത്താനയുടെ രണ്ടാം ഭർത്താവാണ് സുൽത്താൻ. ഇന്ന് രാവിലെ തമിഴ്നാട്–-ആന്ധ്ര അതിർത്തിയിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്.


മാർച്ച്‌ ആദ്യമാണ് സുൽത്താൽ മലേഷ്യയിൽനിന്നും ചെന്നൈയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. എറണാകുളത്തും ആലപ്പുഴയിലും കഞ്ചാവ് എത്തിച്ച്‌ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ തസ്‍ലിമയും സഹായിയും പിടിയിലാകുന്നത്‌. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുൽത്താനും പിടിയിലാകുകയായിരുന്നു. ചെന്നൈയിൽ കോടതിയിൽ ഹാജരാക്കിയ ശേഷം സുൽത്താനെ ആലപ്പുഴയിലെത്തിക്കും.


ഈ മാസം 2ന്‌ ഓമനപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽനിന്ന്‌ ഹൈബ്രിഡ് കഞ്ചാവുമായി തസ്​ലിമയ്ക്കൊപ്പം സഹായിയായ ആലപ്പുഴ മണ്ണഞ്ചേരി മല്ലംവെളി കെ ഫിറോസ് (26) ആണ് പിടിയിലായത്. സുൽത്താനും ഇവരുടെ രണ്ടു കുട്ടികളും ഒപ്പമുണ്ടായിരുന്നു. ചോദ്യം ചെയ്യലിന്‌ ശേഷം സുൽത്താനെ വിട്ടയച്ചെങ്കിലും എക്‌സൈസ്‌ നിരീക്ഷണം തുടരുകയായിരുന്നു.





കുടുക്കിയത്‌ വാട്ട്‌സാപ്പ്‌ ഫോട്ടോ


വാട്ട്‌സാപ്പിൽ അയച്ചു നൽകിയ ചിത്രത്തിലൂടെയാണ് തസ്‌ലിമയുടെ രണ്ടാം ഭർത്താവും കേസിലെ പ്രധാന പ്രതിയെന്ന് എക്‌സൈസ്‌ പറയുന്ന സുൽത്താൻ കുടുങ്ങുന്നത്‌. ഹൈബ്രിഡ്‌ കഞ്ചാവ്‌ ചെന്നൈയിൽ എത്തിച്ച ശേഷം തസ്‌ലിമയ്‌ക്ക്‌ ഇയാൾ ഇതിന്റെ ചിത്രം അയച്ചു നൽകിയിരുന്നു. കേസുമായി ബന്ധമില്ലെന്ന്‌ കരുതി ആദ്യഘട്ടത്തിൽ വിട്ടയച്ച സുൽത്താന്റെ പേര്‌ വീണ്ടും എക്‌സൈസിന്റെ ശ്രദ്ധയിൽ എത്തുന്നതിങ്ങനെയാണ്‌. ആലപ്പുഴയിൽ തസ്‌ലിമ പിടിയിലാകുമ്പോൾ കുടുംബം കൂടെയുണ്ടായിരുന്നെങ്കിലും കേസുമായി ബന്ധമില്ലെന്നായിരുന്നു സുൽത്താന്റെ മൊഴി. റിസോർട്ടിന്‌ അകത്തുവരുമ്പോൾ തസ്‌ലിയയും ഫിറോസും മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. ഈ സമയം ഇയാൾ മാറിനിൽക്കുകയായിരുന്നു എന്നാണ്‌ എക്‌സൈസ്‌ ഇപ്പോൾ സംശയിക്കുന്നത്‌. ഇയാളുടെ ഫോൺ വിശദാംശങ്ങളും വാട്ടാസാപ്പ്‌ വിവരങ്ങളും ശേഖരിക്കും. വിദേശയാത്രയുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇയാളുടെ പാസ്‌പോർട്ട് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു.


മറയാക്കിയത്‌ സെക്കൻഹാൻഡ് മൊബൈൽ വിൽപ്പന


മൊബൈൽ കടകൾക്ക് സെക്കൻ ഹാൻഡ് മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും നൽകുന്നതായിരുന്നു സുലത്താന്റെ ജോലി. ഇതിനായി സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ സ്ഥിരമായി സഞ്ചരിക്കാറുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് ഇയാൾ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. വാട്ട്‌സാപ്പിലുടെയായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. ഫോൺ പരിശോധിച്ചതിൽ ഹൈബ്രിഡ് കഞ്ചാവ് ആവശ്യമുണ്ടോ എന്ന് ചോദിച്ച് നിരവധി പേർക്ക്‌ ഫോട്ടോ അയച്ച് നൽകിയതും അന്വേഷണ സംഘം കണ്ടെത്തി. മുമ്പും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ എക്‌സൈസ്‌ സംഘം അന്വേഷിക്കുന്നുണ്ട്.


മൂന്ന്‌ ദിവസം മുമ്പേ എക്‌സൈസ് നിരീക്ഷണത്തിൽ


കേസിൽ സുൽത്താന്റെ പങ്ക്‌ തിരിച്ചറിഞ്ഞ എക്‌സൈസ്‌ സംഘം മൂന്ന്‌ ദിവസം മുമ്പ്‌ ചെന്നൈയിലെത്തി എണ്ണൂരിലുള്ള വാടക വീട് കേന്ദ്രീകരിച്ച്‌ രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു. സ്ഥിരം കുറ്റവാളികളടക്കം തിങ്ങിപ്പാർക്കുന്ന തുറമുഖമേഖലയിൽ അന്വേഷണം ദുസഹമായിരുന്നു. ആറ്‌ മാസം മുമ്പാണ്‌ സുൽത്താനും തസ്‌ലിമയും ഇവിടെ താമസമാക്കുന്നത്‌. പകൽ സമയം പുറത്തിറങ്ങാതെ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്താൻ അന്വേഷക സംഘം വളരെ ബുദ്ധിമുട്ടി. പ്രാദേശിക ജനപ്രതിനിധിയുടെ സഹായത്തോടെയാണ്‌ എക്‌സൈസ്‌ പ്രതിയിലേക്ക്‌ എത്തിച്ചേർന്നത്.


പിടിവീഴുമെന്നായതോടെ രാജ്യം വിടാൻ ശ്രമം


തസ്‌ലിമയ്‌ക്ക്‌ പിന്നാലെ എക്‌സൈസ്‌ തന്നിലേക്കുമെത്തുമെന്ന്‌ സുൽത്താൻ ഉറപ്പിച്ചിരുന്നു. എണ്ണൂരിലുള്ള വാടക വീട്ടിലേക്ക്‌ എക്‌സൈസ്‌ സംഘം ഇരച്ചെത്തുമ്പോൾ സുൽത്താൻ തായ്‌ലാൻഡിലേക്ക്‌ നാടുവിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. തെളിവുകളടക്കം നിരത്തി എക്‌സൈസ്‌ ചോദ്യങ്ങൾ ആരംഭിച്ചതോടെ സുൽത്താൻ കുറ്റം സമ്മതിച്ചു. പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം ചെന്നൈ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി വ്യാഴാഴ്‌ച ആലപ്പുഴ കോടതിയിൽ ഹാജരാക്കും. അന്വേഷക സംഘത്തിൽ ആലപ്പുഴ എക്‌സൈസ്‌ അസിസ്റ്റന്റ്‌ കമ്മീഷണർ എസ് അശോക് കുമാർ, സ്പെഷ്യൽ സ്‌ക്വാഡ് സിഐ മഹേഷ് എം, പി ഒ ഓംകാർ നാഥ്, റെനി എം, സിഇഒ രവികുമാർ ആർ, ഡ്രൈവർ സജീവൻ എന്നിവരാണുണ്ടായിരുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Home