ഒമ്പതാംക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ; മൂന്നുപേർക്കെതിരെ കേസ്

ശ്രീകൃഷ്ണപുരം: സെന്റ് ഡൊമിനിക്‌സ് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്നുപേർക്കെതിരെ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തു. മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഒ പി ജോയ്‌സി, അധ്യാപകരായ സ്റ്റെല്ല ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കേസ്.
ജുവനൈൽ ജസ്റ്റിസ് ആക്ട് 75–-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. രക്ഷിതാക്കൾ നാട്ടുകൽ പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. തച്ചനാട്ടുകര ചോളോട് സ്വദേശിയായ വിദ്യാർഥിനി ജൂൺ 23നാണ് വീട്ടിൽ ആത്മഹത്യ ചെയ്തത്.
മാർക്ക് കുറഞ്ഞപ്പോൾ നിർബന്ധപൂർവം ക്ലാസിൽനിന്ന് മാറ്റിയിരുത്തിയ മനോവിഷമത്തിലാണ് വിദ്യാർഥിനി ജീവനൊടുക്കിയത് എന്നാണ് മാതാപിതാക്കൾ പറയുന്നത്. സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി എം സലീന ബീവിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
രക്ഷിതാക്കളുടെ പരാതിയിൽ പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ച് അധ്യാപകരെ സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു.








0 comments