print edition ഇ വി ചാർജിങ് ശൃംഖല സ്‌റ്റേഷൻ സ്ഥാപിക്കാൻ 80 ശതമാനംവരെ സബ്‌സിഡി

ആലപ്പുഴ
സംസ്ഥാനത്തെ വൈദ്യുത വാഹന ചാർജിങ് ശൃംഖല വികസിപ്പിക്കാൻ സ്വകാര്യ സംരംഭകരുമായി കൈകോർക്കാനൊരുങ്ങി കെഎസ്‌ഇബി. പൊതുസ്ഥലങ്ങളിൽ ചാർജിങ് സ്‌റ്റേഷനുകളുടെ അടിസ്ഥാന സൗകര്യം ഒരുക്കാൻ 80 ശതമാനംവരെ സബ്‌സിഡിയോടെ പ്രവർത്തന–സാങ്കേതിക പരിചയമുള്ള സംരംഭകർക്ക് അവസരം നൽകാൻ കെഎസ്‌ഇബി താൽപ്പര്യപത്രം ക്ഷണിച്ചു. https://pmedrivekerala.kseb.in എന്ന വെബ് പോർട്ടൽ വഴി ജനുവരി അഞ്ചിന് വൈകിട്ട് മൂന്നുവരെ അപേക്ഷിക്കാം.
നഗരവീഥി, ഷോപ്പിങ് മാൾ, മാർക്കറ്റ്, ദേശീയപാത എന്നിവിടങ്ങളിലാണ് സ്റ്റേഷൻ സ്ഥാപിക്കേണ്ടത്. ട്രാൻസ്‌ഫോർമർ, കേബിൾ, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് ചെലവാകുന്ന തുകയുടെ 80 ശതമാനമാണ് സബ്‌സിഡി ലഭിക്കുക. ഇ വി ചാർജറുകൾ വാങ്ങുന്നതിന് സബ്‌സിഡിയില്ല. രാജ്യത്ത് കുറഞ്ഞത് 30 കിലോവാട്ട് ശേഷിയുള്ള ചാർജറുകളുള്ള പത്ത് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിപ്പിച്ച് ആറുമാസത്തിലേറെ പരിചയമുള്ളവരാകണം അപേക്ഷകർ. അപേക്ഷകർക്ക് സ്വന്തമായി ചാർജിങ് മാനേജ്‌മെന്റ് സിസ്റ്റവും (സിഎംഎസ്) മൊബൈൽ ആപ്പുമുണ്ടാകണം. 24-ന് പകൽ 11ന് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന പ്രീ-–ബിഡ് യോഗം ഓൺലൈനിൽ ചേരും.
പിഎം ഇ–ഡ്രൈവിൽ സർക്കാർ ഉടമസ്ഥതയിൽ സംസ്ഥാനത്തെ 341 ഇടങ്ങളിൽ അത്യാധുനിക ചാർജിങ് സ്‌റ്റേഷനുകളും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കാൻ കെഎസ്‌ഇബി പദ്ധതി സമർപ്പിച്ചിരുന്നു. ഇതിന്റെ നടപടി പുരോഗമിക്കുന്നു. കെഎസ്‌ഇബി കണ്ടെത്തിയ സ്ഥലങ്ങളിൽ കേന്ദ്ര മാനദണ്ഡം പാലിച്ചാകും ചാർജിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കുക. ദേശീയപാത കേന്ദ്രീകരിച്ച് വലിയ ട്രക്കുകൾ ഉൾപ്പെടെ 20 വാഹനങ്ങൾക്ക് ഒരേ സമയം അതിവേഗ ചാർജിങ് സാധ്യമാകുന്ന പത്തിലധികം ഹബ്ബുകളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിലുള്ളത്.










0 comments