print edition കാവിവൽക്കരണം; സർക്കാർ നിലപാട് വിദ്യാർഥികൾ ചെറുത്തുതോൽപ്പിക്കും: ശിവൻകുട്ടി

തിരുവനന്തപുരം : ഗവർണറുടെ ഏകാധിപത്യത്തിനും സർവകലാശാലകളിലെ കാവിവൽക്കരണത്തിനും കൂട്ടുനിൽക്കുന്ന സർക്കാർ നിലപാട് വിദ്യാർഥി സമൂഹം ചെറുത്തുതോൽപ്പിക്കുമെന്ന് വി ശിവൻകുട്ടി. സർക്കാരിനെതിരെ നാവുയർത്തുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാമെന്നത് വ്യാമോഹമാണ്. വിദ്യാർഥികൾക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ ഉടനടി പിൻവലിക്കണം. നരനായാട്ടിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിലെ ബിജെപി ഭരണകൂടത്തിന്റെ കിരാത ശൈലിയെ ഓർമിപ്പിക്കുന്നതാണ് കേരളത്തിലെ സർക്കാർ വിദ്യാർഥിസമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമം. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാർക്കുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് ഒരു പ്രകോപനവുമില്ലാതെ വിദ്യാർഥികളെ തല്ലിച്ചതച്ചത്. സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ സർക്കാർ വിടുപണി ചെയ്യുകയാണ്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്യപ്രസാദ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവി ഷാജി എന്നിവരുൾപ്പെടെയുള്ള നേതാക്കളെയും വനിതാ പ്രവർത്തകരെയും ലക്ഷ്യംവച്ച് പുരുഷ പൊലീസുകാരെ ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. സമരം അവസാനിപ്പിച്ച് മടങ്ങിയവരെപ്പോലും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
ഒരു സ്റ്റണ്ട് സിനിമ കാണുന്നതുപോലെയാണ് നിലവിൽ കോൺഗ്രസിലെ കാര്യങ്ങൾ. മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർതന്നെ വഴിയിൽ തടയുന്നു. എംഎൽഎയും പ്രവർത്തകരും തമ്മിൽ കൈയാങ്കളി നടക്കുന്നു. സിപിഐ എമ്മിനെതിരെ ഇല്ലാത്ത കാര്യങ്ങൾ വാർത്തയാക്കുന്ന മാധ്യമങ്ങൾ ഇതൊന്നും ചർച്ചയാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments