print edition വിദ്വേഷമില്ലാത്ത നവകേരളം വാർത്തെടുക്കാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അറിവിനൊപ്പം മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വിദ്വേഷമില്ലാത്ത നവകേരളം വാർത്തെടുക്കാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് മെഗാ ഇവന്റ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേവലം ഒരു പത്രം എന്നതിലുപരി സമൂഹത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമായി ദേശാഭിമാനി മാറിയതിന്റെ തെളിവാണ് 40 ലക്ഷത്തോളം വിദ്യാർഥികൾ പങ്കെടുത്ത ഈ വിപുലമായ വിജ്ഞാനോത്സവം.
ലോകവിജ്ഞാനത്തിലേക്ക് വിദ്യാർഥികളെ കൈപിടിച്ചുയർത്താനുള്ള ഏറ്റവും വലിയ ഉപാധി വായനയാണ്. സിലബസിനും പരീക്ഷാഹാളുകൾക്കും പുറത്തുള്ള അറിവുകൾകൂടി ആർജിക്കുമ്പോഴാണ് ഒരു വിദ്യാർഥി പൂർണതയിലെത്തുന്നത്. അറിവിനൊപ്പം അചഞ്ചലമായ സാമൂഹ്യബോധവും മാനവികതയും വാർത്തെടുക്കുക എന്നതാണ് അക്ഷരമുറ്റംപോലുള്ള വിജ്ഞാനോത്സവങ്ങളുടെ യഥാർഥ ലക്ഷ്യം. പുതുതലമുറയെ ലഹരിയുടെയും അക്രമത്തിന്റെയും വിപത്തുകളിലേക്ക് തള്ളിയിടാൻ വലിയ ഗൂഢാലോചനകൾ നടക്കുന്നുണ്ട്. ലഹരി മാഫിയകളുടെയും വിദ്വേഷപ്രചാരകരുടെയും വലയിൽ വീഴാതിരിക്കാൻ കനത്ത ജാഗ്രത വേണം. നല്ലവരായി ജീവിക്കുക എന്നത് നിരന്തരമായ പരിശ്രമം ആവശ്യമായ ഒന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാളെയുടെ പ്രതീക്ഷകളായ നിങ്ങളെ കരുതലോടെ വളർത്തുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നു. ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പുതിയ കാലത്തിനനുസരിച്ചുള്ള അറിവ് ആർജിക്കാൻ വിദ്യാർഥികൾ തയ്യാറാകണം. സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഉറച്ച പിന്തുണ വിജ്ഞാനയാത്രയിൽ എന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments