ലഹരിക്കെതിരെ അക്ഷരങ്ങളായി അണിനിരന്ന് വിദ്യാർഥികൾ; വീഡിയോ പങ്കുവച്ച് മന്ത്രി
തൃശൂർ: ലഹരി വ്യാപനത്തെക്കുറിച്ചും ദുരുപയോഗത്തെക്കുറിച്ചും സംസ്ഥാന വ്യാപകമായി വിവിധ ബോധവത്കരണ പരിപാടികൾ നടന്നുവരികയാണ്. സാംസ്കാരിക രാഷ്ട്രീയ സംഘടനകൾ, സാമൂഹിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ, കലാകാരൻമാർ തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നും ലഹരിക്കെതിരെ അവബോധമുണർത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പയിനുകളും നടക്കുന്നുണ്ട്.
ഇപ്പോഴിതാ വേറിട്ട ഒരു ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അക്ഷരങ്ങളായി ലഹരിക്കെതിരെ അണിനിരന്ന വിദ്യാർഥികളുടെ വീഡിയോയാണ് മന്ത്രി പങ്കുവച്ചത്. തൃശൂർ മതിലകം സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർഥികളാണ് ലഹരിക്കെതിരെ അക്ഷരങ്ങളിലൂടെ ശബ്ദമായത്. 200 അടി നീളത്തിലും 15 അടി വീതിയിലും SAY NO TO DRUGS എന്ന വാചകമാണ് കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കിയത്.
തൃശൂർ മതിലകം സെന്റ് ജോസഫ് സ്കൂളിന്റെ ഗ്രൗണ്ടിലാണ് കുട്ടികൾ അക്ഷരങ്ങളായി അണിനിരന്നത്. ശിൽപി ഡാവിഞ്ചി സുരേഷും വീഡിയോ പങ്കുവച്ചിരുന്നു. സംസ്ഥാന വ്യാപകമായി സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രചാരണങ്ങൾ നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനമെടുത്തിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പും എക്‌സൈസ്, ആരോഗ്യം, ആഭ്യന്തരം, വനിതാ ശിശു വികസനം, സാംസ്‌കാരികം, തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി സംയോജിപ്പിച്ച് സ്‌കൂൾ തലത്തിൽ നാൽപത്തിയൊന്ന് ലഹരിവിരുദ്ധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് പുതിയ വിദ്യാഭ്യാസ കലണ്ടറിൽ നിർദേശിച്ചിരുന്നു.










0 comments