കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർമ്മപദ്ധതി; ഹെൽപ് ബോക്‌സ് : വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിക്ക് തുടക്കം ഇടുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീട്ടിലും സമൂഹത്തിലും കുട്ടികൾ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര കർമ്മപദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ നൂറനാട്, ഹിദായത്തുൽ ഇസ്ലാം എൽ.പി. സ്‌കൂളിലെ
ഒരു നാലാം ക്ലാസ്സുകാരി നേരിട്ട ദുരനുഭവം നമ്മുടെയെല്ലാം മനസ്സാക്ഷിയെ ഞെട്ടിച്ച
ഒന്നാണ്. സ്വന്തം രണ്ടാനമ്മയുടെയും അച്ഛന്റെയും പീഡനത്തെക്കുറിച്ച് അവൾ നോട്ടുപുസ്തകത്തിൽ കുറിച്ചത് അധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടതാണ് ഈ സംഭവം പുറത്തറിയാൻ കാരണം. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. ഈ വിഷയത്തിൽ സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നത്. കുട്ടിക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സഹായവും സർക്കാർ ഉറപ്പുവരുത്തും- മന്ത്രി പറഞ്ഞു
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ കർമ്മപദ്ധതി - സുരക്ഷാമിത്രം
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുകയാണ്.ഈ പദ്ധതിയിലൂടെ കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടെത്താനും അവർക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും സാധിക്കും.
ഹെൽപ് ബോക്‌സ്
എല്ലാ സ്‌കൂളുകളിലും കുട്ടികൾക്ക് പരാതികളും ദുരനുഭവങ്ങളും രഹസ്യമായി
രേഖപ്പെടുത്താൻ ഒരു ഹെൽപ് ബോക്‌സ് സ്ഥാപിക്കും. ഇത് ഹെഡ്മാസ്റ്ററുടെയോ ഹെഡ്മിസ്ട്രസിന്റെയോ ചുമതലയിലായിരിക്കും. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്‌സ് തുറന്ന് ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തി തുടർനടപടികൾക്കായി വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം.
അധ്യാപകരുടെ പങ്ക്
കുട്ടികളുടെ പെരുമാറ്റത്തിലോ പഠനത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിച്ച്, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് തിരിച്ചറിയാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. കുട്ടികളെ നിരീക്ഷിക്കുന്നതിനും അവരുമായി സൗഹൃദപരമായി ഇടപെടുന്നതിനും ഊന്നൽ നൽകും. ഡയറി എഴുത്ത്, സീറോ ഹവർ പോലുള്ള ആശയങ്ങളിലൂടെ കുട്ടികൾക്ക് അധ്യാപകരുമായി മനസ്സുതുറന്ന് സംസാരിക്കാൻ അവസരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.









0 comments