ad
Deshabhimani

ഹർത്താലിനിടെ അർബുദരോ​ഗിയെ തടഞ്ഞ സമരസമിതി നേതാവ് റിമാൻഡിൽ

Hartal

ഹർത്താൽ അനുകൂലികൾ ബസുകൾ തടയുന്നു(പ്രതീകാത്മകം) Photo; Facebook

വെബ് ഡെസ്ക്

Published on Apr 30, 2026, 02:40 PM | 1 min read

തിരുവല്ല: ഹർത്താലിനിടെ അർബുദരോ​ഗിയെയും ഭാര്യയെയും തട‌ഞ്ഞ സംഭവത്തിൽ സമരസമിതി നേതാവ് റിമാൻഡിൽ. നിതിൻരാജ് ആക്ഷൻ കൗൺസിൽ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റും തിരുവല്ല ചുമത്ര സ്വദേശിയുമായ അജിമോൻ ചാലാക്കേരിലാണ് റിമാൻ‍ഡിലായത്. ചികിത്സയ്ക്കായി പോകാൻ എത്തിയ അർബുദബാധിതനെയും ഭാര്യയെയും അജിമോന്റെ നേതൃത്വത്തിലുള്ള ഹർത്താൽ അനുകൂലികൾ തിരുവല്ല ബസ് സ്റ്റാന്റിൽ വെച്ചാണ് തടഞ്ഞത്.


കേസിൽ കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അങ്കമാലിയിൽ നിന്ന് തിരുവല്ല സ്റ്റാൻഡിൽ ബസിറങ്ങിയശേഷം കോഴഞ്ചേരയിലെ സ്വകാര്യ ആശുപത്രിയിൽ പോകുന്നതിനാണ് രോഗിയും ഭാര്യയും എത്തിയത്. സമരാനുകൂലികൾ തടഞ്ഞതോടെ കോഴഞ്ചേരി ഭാ​ഗത്തേയ്ക്കുള്ള ബസിന് യാത്ര തുടരാനായില്ല. രോഗവിവരം സമരക്കാരോട് പറഞ്ഞെങ്കിലും ബസ് വിടില്ലെന്ന നിലപാടിലായിരുന്നു ഹർത്താൽ അനുകൂലികൾ.


പിന്നീട് പൊലീസ് എത്തിയാണ് രോഗിയെ കോഴഞ്ചേരിയിൽ എത്തിച്ചത്. ഹർത്താലിനിടെയുള്ള അനിഷ്ടസംഭവങ്ങളിൽ കടുത്ത നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചതോടെ പൊലീസ് അജിമോനെ അറസ്റ്റു ചെയ്യുകയായിരുന്നു. കൂടാതെ, രോഗിയുടെ ഭാര്യ പോലീസിൽ പരാതി നൽകി. ബുധനാഴ്ച ഉച്ചയോടെ റിമാൻഡിലായ അജിമോനെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റി. അജിമോനൊപ്പം 10 പേരെ അറസ്റ്റു ചെയ്തെങ്കിലും, മറ്റ് ഒൻപതു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home