ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ തട്ടുകട തല്ലിത്തകർത്തു; ഉടമയ്ക്ക് മർദനം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് തട്ടുകട തല്ലിതകർത്തതായി പരാതി. കട ഉടമയെ ക്രൂരമായി മർദിച്ചു. ചൊവ്വ വൈകീട്ട് 7 മണിയോടെയാണ് സംഭവം.
ആനനേശ്വരത്ത് സ്ഥിരമായി പ്രവർത്തിക്കുന്ന തട്ടുകടയിൽ കിരൺ, ദീപു എന്നീ രണ്ടുപേർ എത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പണം നൽകാൻ കടയിലെ ജീവനക്കാർ തയ്യാറായില്ല. ഉടമ സ്ഥലത്തില്ലെന്നും അറിയിച്ചു. ഇതോടെ പ്രതികൾ കട തല്ലിതകർക്കുകയും തയ്യാറാക്കി വെച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ എടുത്ത് എറിയുകയും ചെയ്തു.
സംഭവം അറിഞ്ഞെത്തിയ കടയുടമയെ ക്രൂരമായി മർദിച്ചു. ചപ്പാത്തി പലക കൊണ്ടായിരുന്നു ആക്രമണം. സംഭവത്തിൽ ഉടമ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ കൈമാറിയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലൂസ് കേസെടുത്തു.
പ്രതികൾ മുൻപും സമാനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. കൂട്ടത്തിൽ ഒരാൾ കഴിഞ്ഞ ദിവസം ജാമ്യത്തിൽ ഇറങ്ങിയ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ ഇതുവരെയും പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ല.








0 comments