ad
Deshabhimani

print edition നേർക്കുപിടിച്ച കണ്ണാടി

Sreenivasan.jpg
avatar
ഡി കെ അഭിജിത്‌

Published on Dec 21, 2025, 12:00 AM | 2 min read

1980കളിലും തൊണ്ണൂറുകളിലും യുവതയുടെ തൊഴിലില്ലായ്‌മയും മധ്യവർഗ കുടുംബങ്ങളിലെ അതതുകാലത്തെ പ്രശ്‌നങ്ങളും നർമം കലർത്തി വിളയിച്ചെടുത്ത കഥകളാണ് ശ്രീനിയുടേത്. "എല്ലാത്തിനും അതിന്റേതായ സമയമുണ്ട്‌ വിജയാ' എന്ന്‌ നാടോടിക്കാറ്റിലെ ദാസൻ പറയുന്നത്‌ 1987ലാണ്‌.


വിദ്യാഭ്യാസമുണ്ടായിട്ടും കഷ്ടപ്പെടാൻ മനസ്സുണ്ടായിട്ടും അരപ്പട്ടിണി കിടക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ശ്രീനിവാസന്റെ കഥകളിലെ തൊഴിലില്ലാത്ത മധ്യവർഗനായകർ.​ സ്വന്തം അമ്മാവനാണ്‌ ദാസനെ "25 ലിറ്റർ' വീതം കറക്കുന്ന രണ്ടുപശുക്കളെ കൊടുത്ത്‌ പറ്റിക്കുന്നത്‌. സുന്ദരമായ ഒരു ചതിയെ ഗതികേടിന്റെ നർമത്തിനൊപ്പം ചേർത്തുവച്ചു ശ്രീനി. പശുവിനെ വളർത്തലും പച്ചക്കറിക്കച്ചവടവും കഴിഞ്ഞ്‌ പൊലീസാകാൻ തയ്യാറെടുക്കുമ്പോൾ വിജയൻ പറയുന്നത്‌ "ജീവിക്കാൻവേണ്ടി പൊലീസാകാനും തയ്യാറാണ്‌' എന്നാണ്‌. അതായിരുന്നു അന്നത്തെ ശരാശരി മലയാളി.


ദാസന്റേയും വിജയന്റേയും കഥയിൽനിന്നാണ്‌ തന്റെ ആദ്യ സിനിമ "ഓപ്പറേഷൻ ജാവ' (2021) പിറവിയെടുത്തതെന്ന്‌ സംവിധായകൻ തരുൺ മൂർത്തി പറഞ്ഞിട്ടുണ്ട്‌. ഏകദേശം 35 വർഷം വ്യത്യാസമുണ്ട്‌ ഈ രണ്ട്‌ സിനിമകളും തമ്മിൽ എന്നോർക്കണം. ടൂത്ത്‌പേസ്‌റ്റ്‌ ട്യൂബിന്റെ കഴുത്ത്‌ ഞെരിച്ച്‌ പിഴിഞ്ഞെടുക്കുന്ന ഗാന്ധിനഗർ സെക്കൻഡ്‌ സ്‌ട്രീറ്റിലെ സേതു, അക്കാലത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരിലെല്ലാമുണ്ടായിരുന്നു. നായികയോട്‌ പണം കടം ചോദിക്കുന്നതും നേപ്പാളി ഗൂർഖയായി വേഷംകെട്ടുന്നതുമെല്ലാം ഈ അവസ്ഥയിൽനിന്ന്‌ കരകയറാനാണ്‌. സേതുവിന്റെ ഗൂർഖ ജോലി സ്ഥിരപ്പെടാൻ സ്വയം കള്ളനായി വേഷമിടുന്ന കൂട്ടുകാരന്റെ കഥാപാത്രത്തെ ശ്രീനിവാസൻതന്നെയാണ്‌ അവതരിപ്പിക്കുന്നത്‌. പ്രധാന പ്രശ്‌നം തൊഴിൽതന്നെ. തൊഴിലുള്ള ശ്രീവാസന്റെ കഥാപാത്രം മാധവന്റെ അവസ്ഥയോ? ഒറ്റമുറിയിൽ അമ്മയ്‌ക്കും പെങ്ങൾക്കുമൊപ്പം കിടന്നുറങ്ങേണ്ടിവരുന്നയാൾ. വിപണിയെക്കൂടി ലക്ഷ്യമിട്ടുള്ള സിനിമകൾ സൃഷ്ടിക്കുമ്പോൾത്തന്നെ അതിനകത്ത്‌ കാലികമായ സാമൂഹ്യവിമർശം ചേർക്കാനുള്ള അപാരമായ നർമബോധം കൈവിട്ടില്ല ഒരുകാലത്തും. അഴകിയ രാവണനിലെ ബോംബേയിൽനിന്നെത്തുന്ന ശങ്കർദാസിനുപോലുമുണ്ട്‌ പതിവ്‌ ശ്രീനിവാസൻ നായകന്മാരുടെ ഭൂതകാലം.


തലയണമന്ത്രം സിനിമയിലേക്ക്‌ വരുമ്പോൾ മധ്യവർഗ കുടുംബത്തിന്റെ നഗരജീവിത സ്വപ്‌നങ്ങളും പൊങ്ങച്ചത്തത്തിനുവേണ്ടിയുള്ള ധൂർത്തിന്റെ സംസ്‌കാരവുമാണ്‌ പ്രധാന കഥാപാത്രങ്ങളായ സുകുമാരന്റേയും (ശ്രീനിവാസൻ), കാഞ്ചനയുടേയും (ഉർവശി) തകർച്ചയായി കാണിക്കുന്നത്‌. സാന്പത്തിക അച്ചടക്കമില്ലാതെ കടംപെരുകി പെരുവഴിയിലായ അനേകംപേരുടെ ജീവിതമായിരുന്നു ഈ സിനിമയും.​ എല്ലാത്തിനും അതിന്റേതായ സമയമുണ്ട്‌ എന്ന സംഭാഷണംപോലെ ഓരോന്നിന്റേയും സമയം അറിഞ്ഞ്‌ തിരക്കഥകൾ എഴുതാനും ശ്രീനിവാസൻ ശ്രദ്ധിച്ചിരുന്നു. അതിനുദാഹരണമാണ്‌ കഷ്ടപ്പെടാൻ തയ്യാറായ നാടോടിക്കാറ്റിലെ നായകന്മാരിൽനിന്ന്‌ 2018ൽ "ഞാൻ പ്രകാശൻ' എന്ന ചിത്രത്തിലെ ഫഹദ്‌ ഫാസിലിന്റെ പ്രകാശനിലെത്തുമ്പോൾ കാണുന്നത്‌. പണിയെടുക്കാൻ തയ്യാറല്ലാതെ, വിദേശത്ത്‌ പോകാൻ കുറുക്കുവഴികൾ തേടുന്ന നായകനിലേക്കെത്തി എന്നതാണ്‌ ശ്രീനിവാസൻ കണ്ട മാറ്റം. തലമുറകൾ കഴിഞ്ഞാലും തുടച്ച്‌ മിനുക്കി വീണ്ടും നോക്കി നമ്മളെത്തന്നെ കാണാവുന്ന കണ്ണാടികളായിരുന്നു ശ്രീനിവാസന്റെ കഥകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home